വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മതപരമായ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമേരിക്ക വിലയിരുത്തിയതായി വിക്കിലീക്‌സ്. ഭീകരാക്രമണത്തിനു പിന്നില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുണ്ടാകാം എന്ന വാദത്തെ ആദ്യം കോണ്‍ഗ്രസ് അംഗീകരിച്ചെങ്കിലും പിന്നീട് തള്ളുകയായിരുന്നുവെന്നും അമേരിക്കന്‍ രേഖകളെ ഉദ്ധരിച്ച് വിക്കിലീക്‌സ് വ്യക്തമാക്കുന്നു.

ഭീകരാക്രമണത്തിന് പിന്നില്‍ ഹൈന്ദവഭീകരസംഘടനകള്‍ക്ക് പങ്കുണ്ടാകാമെന്ന് അന്നത്തെ ന്യൂനപക്ഷകാര്യമന്ത്രി എ ആര്‍ ആന്തുലെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ആദ്യം അംഗീകരിച്ച കോണ്‍ഗ്രസ് പിന്നീട് തള്ളുകയായിരുന്നു.തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് കോണ്‍ഗ്രസ് മതപരമായ മുതലെടുപ്പിന് ശ്രമിച്ചു എന്ന വാദത്തിലേക്ക് നയിച്ചതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു.

മുംബൈ ആക്രമണത്തില്‍ ഹേമന്ത് കാര്‍ക്കറെയുടെ മരണത്തിന് പിന്നില്‍ ഹിന്ദുത്വവാദികള്‍ ഉണ്ടാകാമെന്നും ആന്തുലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ആഭ്യന്തരമന്ത്രി പി ചിദംബരം തള്ളുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ആന്തുലെയുടെ വാദത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയായിരുന്നുവെന്ന് അന്നത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.