കല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ധാരണയായി. കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി വിട്ടുകൊടുത്താണ് മമതാ ബാനര്‍ജി തര്‍ക്കം പരിഹരിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുഖര്‍ജി മമതാബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറായതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയായിരുന്നു.

228 സീറ്റുകളില്‍ ഇത്തവണ തൃണമൂല്‍ മത്സരിക്കുമെന്ന് മമതാബാനര്‍ജി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സീറ്റുകളിലെ എല്ലാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് 64 സീറ്റും സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്.യു.സി.ഐ) ക്ക് രണ്ടും സീറ്റുകളാണ് തൃണമൂല്‍ മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ 98 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് 64 സീറ്റുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണമെന്നും അല്ലെങ്കില്‍ ഈ സീറ്റുകളിലും തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും മമത ഭീഷണി മുഴക്കി. മമതയുടെ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങിക്കൊടുക്കുകയായിരുന്നു.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് 65സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 229 സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് അറിയിച്ചു.