ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

കോര്‍ കമ്മിറ്റി യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് കല്‍മാഡിയെ സസ്‌പെന്‍ഡു ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കല്‍മാഡിയെ ഇന്ന് രാവിലെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കല്‍മാഡിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റ് നടന്നത്. പൂനെയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമാണ് കല്‍മാഡി.

എ.എം ഫിലിംസുമായി കരാറിലേര്‍പ്പെട്ട കേസിലാണ് കല്‍മാഡിയെ അറസ്റ്റ് ചെയ്തത്. കരാറുമായി ബന്ധപ്പെട്ട് കല്‍മാഡിയെ വെട്ടിലാക്കുന്നതിനാവശ്യമായ തെളിവുകള്‍ പരിശോധനയ്ക്കിടെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. കല്‍മാഡി പലരുമായും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ച തെളിവുകളില്‍പ്പെടുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.