തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്ത് വാരിയുള്ളൊരു ജയം പ്രതീക്ഷിച്ച കോണ്‍ഗ്രസ്സിന് ഫലം പുറത്ത് വന്നപ്പോള്‍ നിരാശ. കോണ്‍ഗ്രസ് ക്യാമ്പുകള്‍ മ്ലാനതയിലാണ്. നേതാക്കളാരും വലിയ പ്രസ്താവനകളുമായി രംഗത്ത് വരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പോലും ജയിച്ചു കയറിയതിന്റെ ആശ്വാസത്തിലാണ്.

ഇങ്ങിനെയൊരു സാഹചര്യത്തില്‍ മുന്നണിക്ക് നേതൃത്വം നല്‍കാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അതായത് കഷ്ടിച്ച് ജയിച്ചാലും ജനവിധി തങ്ങള്‍ക്കെതിരാണെന്ന് യു.ഡി.എഫ് കരുതുന്നുവെന്ന് തന്നെയാണ്.

കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും വരും കാലങ്ങളില്‍ പല പൊട്ടിത്തെറികള്‍ക്കും തിരഞ്ഞെടുപ്പ് ഫലം കാരണമാകുമെന്നാണ് കരുതുന്നത്. പലര്‍ക്കെതിരെയും ആരോപണങ്ങളുയരും. മുന്നണിയെയും പാര്‍ട്ടിയെയും നയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പല നേതാക്കള്‍ക്കെതിരെയുമ വിമര്‍ശനമുയരും. പ്രത്യേകിച്ച് ഹൈക്കമാന്റിനോട് സമാധാനം പറയേണ്ടിരും. തിരഞ്ഞെടുപ്പെന്ന യുദ്ധക്കളത്തില്‍ അടിതെറ്റി വീണ യു.ഡി.എഫിനെ അവാസന നിമിഷങ്ങളില്‍ എ.കെ ആന്റണിയും ഹൈക്കമാന്റുമാണ് വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചത്.

തിരഞ്ഞെടുപ്പിനോടടുത്ത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വന്ന പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പ്രതിരോധിക്കാന്‍ യു.ഡി.എഫ് എടുത്ത തന്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫിലെ ചില നേതാക്കള്‍ക്കെതിരെയുള്ള ആരോപണം പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതാണ് കണ്ടത്. യു.ഡി.എഫിന്റെ ഒന്നാമത്തെ പിഴ തന്നെ ഇതായിരുന്നു. കേരളത്തില്‍ നല്ല പ്രതിച്ഛായയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെ ആക്ഷേപിക്കുക വഴി യു.ഡി.എഫ് സ്വയം പരിഹാസ്യരാവുകയാണ് ചെയ്തത്.

പാലയില്‍ കെ.എം മാണിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഗൗരിയമ്മയുടെ നാല് സ്ഥാനാര്‍ഥികളും തോറ്റതും മുന്നണിയില്‍ വലിയ ചര്‍ച്ചയാവും. യു.ഡി.എഫ് പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ഇത് അസാധാരണമായ തിരഞ്ഞെടുപ്പ് ഫലമാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.