Categories

കോണ്‍ഗ്രസില്‍ ‘മുഖ്യമന്ത്രി’ വിവാദം

കോട്ടയം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരാവുമെന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല.

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും വയലാര്‍ രവി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറയാനാകില്ലെന്നായിരുന്നു വയലാര്‍ രിയുടെ പ്രതികരണം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയായിരിക്കും മുഖ്യമന്ത്രിയെന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞത്. നിയമസഭയില്‍ യു.ഡി.എഫിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയായിരിക്കും. നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച് കെ.പി.സി.സി പ്രസിഡന്റായി ചെന്നിത്തലയെയും മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെയും നിശ്ചയിച്ചുകൊണ്ട് ഇരുവരും തമ്മില്‍ ഉഭയകക്ഷി ധാരണയായിരുന്നു. ഇതിനെ അട്ടിമറിക്കുന്ന രീതിയിലാണ് രവിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് പകരമായി മഹരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെ മുഖ്യമന്ത്രിയാക്കാന്‍ ചില ചരടുവലികള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലക്ക് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഇടയ്ക്കുവെച്ച് ഒഴിയേണ്ടിവരുമെന്നും സൂചനയുണ്ട്.

രമേശിന് എഐസിസിസി ഭാരവാഹിത്വം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷ സമുദായത്തില്‍ നിന്നുതന്നെയുള്ളവര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമാകുന്നത് ഒഴിവാക്കാനാണ് ചെന്നിത്തലയെ മാറ്റുന്നത്. ഈ ഒരു പാക്കേജിനാണ് കോണ്‍ഗ്രസിനുള്ളിലെ മറ്റൊരു വിഭാഗം ചരടു വലി നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഈ പ്രസ്താവന നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.