എഡിറ്റര്‍
എഡിറ്റര്‍
‘മോദി മാപ്പുപറയണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് മോദിയോട് നിരുപാധികം മാപ്പുപറയണം: എം.പിമാരോട് വെങ്കയ്യ നായിഡു
എഡിറ്റര്‍
Thursday 9th February 2017 1:16pm

venkaiya-naidu
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസാണ് മാപ്പുപറയേണ്ടത് എന്നു പറഞ്ഞാണ് വെങ്കയ്യ നായിഡു രംഗത്തെത്തിയത്.

‘പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ മാനിക്കാത്ത കോണ്‍ഗ്രസാണ് നിരുപാധികം മാപ്പുപറയേണ്ടത്.’ നായിഡു പറഞ്ഞു.

ഇതോടെ രോഷാകുലരായ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളംവെയ്ക്കുകയും വോക്കൗട്ട് നടത്തുകയും ചെയ്തു. ‘റെയിന്‍കോട്ട് ധരിച്ചു കുളിക്കാന്‍ മന്‍മോഹന്‍ സിങ്ങിനേ അറിയൂ’ എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശമാണ് വിവാദമായത്. നോട്ടുനിരോധനം കള്ളപ്പണത്തിനും അഴിമതിക്കും എതിരാണെന്ന് വാദിക്കുന്നതിനിടെയാണ് മോദി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.


Also Read: ശശികലയുടെ ആഢംബര ‘ജയിലില്‍’ നിന്നും ഒരു എം.എല്‍.എ മുങ്ങി: രക്ഷപ്പെട്ടത് ബാത്ത്‌റൂമില്‍ പോകുന്നെന്ന് പറഞ്ഞ് 


ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതും ലജ്ജാകരവുമാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

‘ തന്റെ പൂര്‍വ്വികനെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് ഒരു പ്രധാനമന്ത്രി തരംതാഴുന്നത് പാര്‍ലമെന്റിന്റെയും രാഷ്ട്രത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നു. മറ്റാരെക്കാളും സ്വന്തം സ്ഥാനത്തിനും മാന്യതയ്ക്കും കോട്ടമുണ്ടാക്കുന്നത് അദ്ദേഹം തന്നെയാണ്.’ എന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതിഷേധിച്ചിരുന്നു.

ഡോ. മന്‍മോഹന്‍ സിങ് സഭയില്‍ ഇരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഇതുകേട്ട മന്‍മോഹന്‍ സിങ് മറ്റ് എം.പിമാര്‍ക്കൊപ്പം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. മോദിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മന്‍മോഹന്‍ സിങ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

Advertisement