മുംബൈ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് ഹേമന്ത് കാര്‍ക്കറെ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ വെളിപ്പെടുത്തല്‍.

‘ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിലെ അദ്ദേഹത്തിന്റെ മികവിനെ ഞാന്‍ അഭിനന്ദിച്ചിരുന്നു. തുടര്‍ന്ന് കാര്‍ക്കറെയുമായി ഞാന്‍ ഫോണിലൂടെ ഇടയ്ക്ക് ബന്ധപ്പെടാറുണ്ടായിരുന്നു.’

‘ എന്നാല്‍ കേസിന്റെ അന്വേഷണത്തിലുടനീളം അദ്ദേഹം അസ്വസ്ഥാനായിരുന്നു. ചില സംഘടനകള്‍ അദ്ദേഹത്തിനും കുടുംബത്തിനും നേരെ ഭീഷണി ഉയര്‍ത്തിയിരുന്നു. ബി ജെ പി നേതാക്കളായ രാജ്‌നാഥ് സിംഗ് അടക്കം പലര്‍ക്കും കാര്‍ക്കറയോട് താല്‍പ്പര്യമില്ലായിരുന്നു. ‘

‘ മുംബൈ ആക്രമണത്തില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടമാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. തനിക്കും തന്റെ കുടുംബത്തിനും നേരേ ചില സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. എന്തെങ്കിലും തരത്തില്‍ വിവാദമുണ്ടാക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. എങ്കിലും ചില സംഘടനകള്‍ അദ്ദേഹത്തെ ഇ്‌ലാതാക്കാന്‍ ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം. ‘