ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ പുന:സംഘടനക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലും അഴിച്ചുപണി ഉണ്ടായേക്കും. പാര്‍ട്ടിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുന:സംഘടനയ്ക്കാവും ഊന്നല്‍ നല്‍കുക. കോണ്‍ഗ്രസ് സംഘടനയുടെ ചുമതല രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന രീതിയിലായിരിക്കും പുന:സംഘടനയെന്നാണ് സൂചന. പുന:സംഘടന ഈ ആഴ്ച്ച ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.

Ads By Google

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തുകയാണെങ്കില്‍ മന്ത്രിസഭയിലേക്ക് രാഹുല്‍ ഉണ്ടാകില്ലെന്നാണ് സൂചന.  പാര്‍ട്ടിയില്‍ കാര്യമായ റോള്‍ വഹിക്കുമെന്ന് രാഹുല്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധിക്ക് താഴെ പാര്‍ട്ടിയുടെ ഏക ഉപാധ്യക്ഷനായി രാഹുല്‍ മാറുമെന്നാണ് അറിയുന്നത്. അതല്ലെങ്കില്‍ സെക്രട്ടറി ജനറല്‍ പദിവിയിലാവും രാഹുല്‍ എത്തുക.

രാഹുല്‍ മന്ത്രിസഭയില്‍ വരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്ക് വഹിച്ച് സര്‍ക്കാരിലും സംഘടനയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുല്‍ താത്പര്യപ്പെടുന്നത്. ഇപ്പോള്‍ പാര്‍ട്ടിയെ സംഘടനാതലത്തില്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധിച്ച് 2014 ലെ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് രാഹുലിന്റെ ദൗത്യം.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്  ജമ്മുകാശ്മീരിലേക്ക് പോകുന്ന രാഷ്ട്രപതി മടങ്ങി വന്ന ശേഷമായിരിക്കും പുന:സംഘടന നടക്കുക. തൃണമൂലിന്റെ ആറ് മന്ത്രിമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ പുനഃസംഘടന ആവശ്യമായി വന്നത്. ഈ പദവികളെല്ലാം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും. എന്‍.സി.പി, ഡി.എം.കെ. പാര്‍ട്ടികള്‍ക്ക് കുടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ സാധ്യതയില്ല.

കഴിഞ്ഞ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒഴിവ് വന്ന പദവികളിലേക്ക് പരിചയസമ്പന്നരായ ആളുകളെയാണ് നേതൃത്വം തേടുന്നത്. എന്നാല്‍ പ്രതിരോധമുള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.  ക്യാബിനറ്റ് മന്ത്രിയാക്കണമെന്ന ആവശ്യവുമായി റെയില്‍വേ സഹമന്ത്രി കെ.എച്ച് മുനിയപ്പയും രംഗത്തെത്തിയിട്ടുണ്ട്.