ന്യൂദല്‍ഹി: ഭൂമി കുംഭകോണ ആരോപണം ഉയര്‍ന്ന സമയത്തുതന്നെ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തു നിന്നും യെദ്യൂരപ്പ് രാജിവക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. കര്‍ണാടക ഭൂമിവിവാദത്തിന്റേയും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റേയും പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യെദ്യൂരപ്പ രാജിവെക്കണമായിരുന്നു. ഇക്കാര്യത്തില്‍ യെദ്യൂരപ്പ ശശി തരൂരിനെയും അശോക് ചവാനേയും നട്വര്‍ സിംഗിനേയും മാതൃകയാക്കേണ്ടിയിരുന്നു.

സ്‌പെക്ട്രം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നത് ലജ്ജാവഹമാണെന്നും സോണിയ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ബി ജെ പി യുടെ നിലപാട് ഇരട്ടത്താപ്പാണ്. കര്‍ണാടകയില്‍ അഴിമതി നടത്തുന്ന ബി ജെ പി കേന്ദ്രത്തില്‍ അതിനെതിരേ ശബ്ദമയര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.

ബിഹാറില്‍ ഇത്തവണ ഒറ്റയ്ക്കുമല്‍സരിച്ചതുകൊണ്ടാണ് തോല്‍വി നേരിട്ടതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയുടെ തോല്‍വി പഠിച്ച് മുന്നേറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സോണിയാഗാന്ധി വ്യക്തമാക്കി.