ന്യൂദല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രമാക്കാന്‍ ദല്‍ഹിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനം തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്നും അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ അംഗത്വഫീസ് ഉയര്‍ത്താന്‍ തീരുമാനമായി. എ ഐ സി സി യോഗം വര്‍ഷത്തില്‍ രണ്ടുതവണ എന്നുള്ളത് ഒരുതവണയെങ്കിലും ചേരണം എന്നും തീരുമാനമെടുത്തു. ഇത് സംബന്ധിച്ച ഭരണഘടനാഭേദഗതികള്‍ പ്ലീനറിസമ്മേളനം അംഗീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഇന്ന് പ്രതിനിധി സമ്മേളനം ആരംഭിക്കാനിരിക്കേ കാവി ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതാക്കള്‍ നയം വ്യക്തമാക്കും. കാവി ഭീകരതയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയ നടത്തിയ വിവാദപരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്.

സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗന്ധി എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കും. ബി ജെ പി യെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ പ്ലീനറി സമ്മേളനത്തില്‍ രൂപീകരിക്കും. പാര്‍ട്ടിയുടെ പ്രതിച്ഛായതന്നെ മോശമാക്കിയ അഴിമതിയാരോപണങ്ങളെ എങ്ങിനെ പ്രതിരോധിക്കാമെന്നും പ്ലീനറിയോഗം ചര്‍ച്ചചെയ്യും.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും തുടര്‍ന്നുള്ള പ്രതികരണങ്ങളും ഇതിനികംതന്നെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അജ്മീര്‍ സ്‌ഫോടനവുമായി ബന്ധമുള്ള സുനില്‍ ജോഷിയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് ഒരുപാട് രഹസ്യങ്ങള്‍ സുനില്‍ ജോഷിക്ക് അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.