ന്യൂദല്‍ഹി: ഹിന്ദു ഭീകരത എങ്ങിനെ ചര്‍ച്ച ചെയ്യണമെന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ വിഷയ നിര്‍ണയ സമിതി യോഗത്തിലാണ് അഭിപ്രായ വ്യത്യാസമുടലെടുത്തത്. ഹിന്ദു ഭീകരതയെന്നോ ആര്‍.എസ്.എസ് ഭീകരതയെന്നോ ഉള്ള പദം ഉപയോഗിക്കാമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ഇവ രണ്ടും പറയാതെ വലത് ഭീകരതയെന്ന് പറയാമെന്ന് മറ്റൊരു വിഭാഗം വാദിക്കുകയായിരുന്നു. ഈ വാദത്തിനാണ് സമ്മേളനത്തില്‍ മുന്‍തൂക്കം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അജ്മീര്‍,മെക്ക,മലേഗാവ് സ്‌ഫോടനക്കേസുകളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ പിടിക്കപ്പെട്ടതും മധ്യപ്രദേശില്‍ ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടത് ആര്‍.എസ്.എസുകാര്‍ നടത്തിയ സ്‌ഫോടനത്തിലാണെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയതും കോണ്‍ഗ്രസിലെ ഹിന്ദു ഭീകരതയെന്ന് വിശേഷിപ്പിക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ബലമേകിയിട്ടുണ്ട്.

സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും 125 വര്‍ഷം എന്നതാണ് പ്ലീനറി സമ്മേളന മുദ്രാവാക്യം. ഇത് അഞ്ചാം തവണയാണ് ദല്‍ഹി എ.ഐ.സി.സി പ്ലീനറിക്ക് വേദിയാകുന്നത്. പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട പ്രമേയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനാണ് വിഷയ നിര്‍ണയ സമിതി യോഗം ചേരുന്നത്. ഞായറാഴ്ച ദല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ ബുറാഡിയില്‍ സമ്പൂര്‍ണ സമ്മേളനം നടക്കും.

സമ്മേളനത്തില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിപ്രായമാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.