Categories

ഡോ.ഹര്‍ഷ് വര്‍ദ്ധന്റെ പോളിയോ നിര്‍മ്മാര്‍ജ്ജന അവകാശവാദങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്

harsh-vardhan

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഡോ. ഹര്‍ഷ് വര്‍ദ്ധനെതിരെ പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

പോളിയോ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ക്കെതിരെ പാര്‍ട്ടി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയും ചെയ്തു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഇക്കാരണത്താല്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്റെ നാമനിര്‍ദ്ദേശം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഹര്‍ഷ് വര്‍ദ്ധന്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി.

‘1993-98 കാലയളവില്‍ ദല്‍ഹിയിലെ ആരോഗ്യമന്ത്രിയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍. 1998-ല്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത പോളിയോ കേസുകള്‍ 47 എണ്ണമാണ്. 1999-ല്‍ ഇത് 73 ആയി ഉയര്‍ന്നു. അദ്ദേഹം എങ്ങനെയാണ് പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്തത്.?’ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലുടെ അഹമ്മദ് ചോദിച്ചു.

‘1998-ല്‍ അദ്ദേഹം ഓഫീസ് ഭരിക്കുമ്പോള്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോളിയോ കേസുകള്‍ 47 ആയിരുന്നു. 1999-ല്‍ ഇത് 73 ആയി ഉയര്‍ന്നതായി കണക്കുകള്‍ പറയുന്നു. അടുത്ത വര്‍ഷം പോളിയോ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവെങ്കില്‍ അദ്ദേഹം പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്തത് എങ്ങനെയാണ്?’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി ചോദിച്ചു.

Tagged with: |