എഡിറ്റര്‍
എഡിറ്റര്‍
ബട്‌ലഹൗസ് അന്വേഷണമാവശ്യപ്പെട്ട് കെജ്‌രിവാളിന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തി
എഡിറ്റര്‍
Thursday 30th January 2014 11:59pm

kejriwal-new

ന്യൂദല്‍ഹി: ബട്‌ലഹൗസ് അന്വേഷണമാവശ്യപ്പെട്ട് കെജ്‌രിവാളിന്റെ പത്രസമ്മേളനം കോണ്‍ഗ്രസ് എം.എല്‍.എ. തടസ്സപ്പെടുത്തി.

2008ലെ ബട്‌ലഹൗസ് ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കാന്‍ എസ്.ഐടിയെ നിയോഗിക്കില്ലെന്ന് കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് എം.എല്‍.എ. രംഗത്തെത്തിയത്.

ആം ആദ്മി സര്‍ക്കാറിന്റെ ഒരുമാസത്തെ ഭരണനേട്ടം വിശദീകരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് എം.എല്‍.എ. തടസ്സപ്പെടുത്തി.

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ(എസ്.ഐ.ടി) നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഓഖ്‌ല എം.എല്‍.എ. ആസിഫ് മുഹമ്മദ് ഖാനാണ് ബഹളമുണ്ടാക്കിയത്.

ഡല്‍ഹി സെക്രട്ടേറിയറ്റിലെ പത്രസമ്മേളന വേദിയിലേക്ക് അതിക്രമിച്ച് കയറിയ ആസിഫ്, ആം ആദ്മി പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുമ്പോഴും അദ്ദേഹം ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.ആസിഫിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയെങ്കിലും കെജ്‌രിവാള്‍ പത്രസമ്മേളനം പൂര്‍ത്തിയാക്കാതെ മടങ്ങി.

ബട്‌ല ഹൗസ് കേസില്‍ കോടതി വിധി വന്നുകഴിഞ്ഞതാണെന്നും അതിനെ മാനിക്കുന്നതായും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

1984ലെ സിക്ക് വിരുദ്ധ കലാപക്കേസ് അന്വേഷിക്കാന്‍ എസ്.ഐ.ടിയെ നിയോഗിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

എസ്.ഐ.ടിയെ നിയോഗിച്ചില്ലെങ്കില്‍ നിയമസഭയില്‍ വരുന്ന വിഷയങ്ങളില്‍ ആം ആദ്മി സര്‍ക്കാറിനെ പിന്തുണയ്ക്കില്ലെന്നും ആസിഫ് ഭീഷണി മുഴക്കി. കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്താലും കുഴപ്പമില്ലെന്നും ആസിഫ് പറയുന്നു.

ബട്‌ല ഹൗസ് കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ എന്ന് പറയപ്പെടുന്ന ശഹ്‌സാദ് അഹമ്മദിനെ കഴിഞ്ഞ വര്‍ഷം വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Advertisement