തിരുവനന്തപുരം: മന്ത്രിപദം വീതം വെച്ചതിലുണ്ടായ അസംതൃപ്തി കോണ്‍ഗ്രസ്സില്‍ പുകയുന്നു. വി.എം സുധീരനും വി.ഡി സതീശനും പിന്നാലെ തേറമ്പില്‍ രാധാകൃഷ്ണനും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമുദായം തിരിച്ച് മന്ത്രിസ്ഥാനം നല്‍കിയത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ പ്രാദേശിക സന്തുലിതാവസ്ഥ പാലിച്ചില്ല. തന്നെ തരംതിരിച്ച് കണ്ടത് ശരിയായില്ല. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യക്ഷമത അവഗണിക്കപ്പെട്ടുവെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്തെത്തിയത്. വി.ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പാര്‍ലമെന്റേറിയനായിട്ടും വി.ഡി.സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. സതീശന്‍ മന്ത്രസഭയില്‍ ഉണ്ടാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സുധീരന്‍ പറഞ്ഞു.

ലോട്ടറി മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വി.ഡി സതീശന് മന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സതീശന് മന്ത്രി പദവി നല്‍കരുതെന്ന് സി.പി.ഐ.എമ്മിലെ ഒരു വിഭാഗത്തിനും നിര്‍ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലോട്ടറി വിഷയത്തില്‍ തോമസ് ഐസക്കിനെതിരെ ശക്തമായി രംഗത്തെത്തിയത് സതീശനായിരുന്നു.

ഇതു സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരോപണങ്ങള്‍ നിഷേധിക്കാന്‍ സതീശന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. പകരം ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുന്നില്ലെന്നാണ് സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സതീശന്റെ പ്രതികരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഇതിന് പുറമെ സാന്റിയാഗോ മാര്‍ട്ടിന് എവിടെയും ആളുകളുണ്ടാകാമെന്നുള്ള സതീശന്റെ പ്രസ്താവനയും ശ്രദ്ധേയമായി. ലോട്ടറി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കവെയാണ് സതീശന്‍ ഇങ്ങിനെ പറഞ്ഞത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാഹ്യ ഇടപെടലുകളുണ്ടാകുന്നുവെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.