എഡിറ്റര്‍
എഡിറ്റര്‍
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസ് മഹാറാലി
എഡിറ്റര്‍
Sunday 4th November 2012 12:33pm

ന്യൂദല്‍ഹി: ആരോപണങ്ങള്‍ക്ക് നടുവില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ബഹുജനറാലി ദല്‍ഹിയില്‍ നിന്ന് ആരംഭിച്ചു. യു.പി.എ. സര്‍ക്കാറിന് ജനപിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടക്കുന്നത്.  പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കുന്നതിനും പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തുന്നതിനുമാണ് റാലി.

രാംലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എന്നിവര്‍ അഭിസംബോധന ചെയ്യും. പുതുതായി ചുമതലയേറ്റ യുവ കേന്ദ്രമന്ത്രിമാര്‍ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള അവസരം കൂടിയാണിത്. കോണ്‍ഗ്രസിന്റെ മുഖം മിനുക്കാനുള്ള അവസരമായിട്ടാണ് മഹാറാലി ഇന്ന് ദല്‍ഹിയില്‍ ആരംഭിച്ചിട്ടുള്ളത്.

Ads By Google

വിവിധ സംസ്ഥാനങ്ങളിലെ ബ്ലോക്ക് പ്രസിഡണ്ടുമാരും അവര്‍ക്കും മുകളിലുള്ള ഭാരവാഹികളുമാണ് റാലിയില്‍ പങ്കെടുക്കുന്നത്. ഡി.സി.സി. പ്രസിഡണ്ടുമാരും എം.എല്‍.എ.മാരും എം.പി.മാരും പങ്കെടുക്കും. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് ദിനത്തിലാണ് റാലിയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പും ഈ മാസം നടക്കുന്നുണ്ട്.

നവംബര്‍ ഒമ്പതിന് ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന പാര്‍ട്ടിയുടെ ഉന്നതതല ചര്‍ച്ചാ സമ്മേളനത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നതും റാലിയുമായി ബന്ധപ്പെട്ടായിരിക്കും. രാജ്യത്തിന്റെ രാഷ്ട്രീയസാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന സമ്മേളനമാണ് നവംബര്‍ ഒമ്പതിന് നടക്കുക. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ അവലോകനവും അന്ന് നടക്കും. സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികളെ പരമാവധി പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

റിലയന്‍സിനുവേണ്ടി പെട്രോളിയം മന്ത്രിയെ മാറ്റിയെന്ന കെജ്‌രിവാളിന്റെയും സോണിയയും രാഹുലും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്ന ഡോ. സുബ്രഹ്മണ്യം സ്വാമിയുടെയും ആരോപണങ്ങള്‍ക്ക്‌നടുവിലാണ് പാര്‍ട്ടി. കൂടാതെ ഇന്ധനവില വര്‍ധന, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങളിലും അവര്‍ പ്രതിക്കൂട്ടിലാണ്.

നവംബര്‍ 22ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ആക്രമണം നേരിടാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുക എന്ന ലക്ഷ്യം കൂടി ഈ മഹാറാലിക്കുണ്ട്.

Advertisement