ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മായാവതി ഗവണ്‍മെന്റും കോണ്‍ഗ്രസും തമ്മിലുള്ള പോരിനെത്തുടര്‍ന്ന് ലക്‌നൗ നഗരത്തില്‍ 144 പ്രഖ്യാപിച്ചു. ഡോ. സച്ചന്റെ മരണവും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഉയര്‍ത്തിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച ന്യായ യാത്ര എന്ന പേരില്‍ സംരക്ഷണ ജാഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 144 പ്രഖ്യാപനം.

എന്നാല്‍ ന്യായ യാത്രയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. സമാധാനപരമായി റാലി നടത്താനുള്ള തങ്ങളുടെ അവകാശത്തിനെതിരെ ഫാസിസ്റ്റ് നയമാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢശ്രമമാണിതെന്നാണ് മായാവതി പറയുന്നത്.

ചൊവ്വാഴ്ച ന്യായ യാത്ര നടത്താന്‍ കോണ്‍ഗ്രസിന് മായാവതി സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ന്യായ യാത്ര നടത്താന്‍ അനുമതി ആവശ്യപ്പെട്ട് രണ്ടാമതൊരു നിവേദനം കൂടി കോണ്‍ഗ്രസ് നല്‍കുമെന്ന് യു.പി.സി.സി. നേതാവ് റിത ബഹുഗുണ ജോഷി വ്യക്തമാക്കി. എന്നാല്‍ ഇത്തവണ അനുമതി നല്‍കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനുമതി ലഭിച്ചില്ലെങ്കില്‍ വ്യാഴാഴ്ച ഇതിനായി ബാല്‍ സംഗ്രഹാലയ മൈതാനത്തില്‍ യോഗം ചേരുമെന്നും അവര്‍ അറിയിച്ചു.