എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.പി രാജിവെച്ചു, ബി.ജെ.പിയില്‍ ചേര്‍ന്നു
എഡിറ്റര്‍
Thursday 14th November 2013 2:44pm

bjp

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് പാര്‍ട്ടിയുടെ ലോക്‌സഭ എം.പി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

ഹൊസങ്കബാദ് എം.പിയായ റാവു ഉദയ് പ്രതാപ് സിങ്ങാണ് രാജിവെച്ചത്. അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടി വിട്ടു.

മധ്യപ്രദേശില്‍ ബി.ജെ.പി ഭരണകക്ഷിയും കോണ്‍ഗ്രസ് പ്രതിപക്ഷവുമാണ്.

ഫ്യൂഡല്‍ നേതൃത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസില്‍ തനിക്ക് ശ്വാസം മുട്ടലായിരുന്നുവെന്ന് പ്രതാപ് സിങ് എം.പി പറഞ്ഞു.

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനായി വന്‍തുകകള്‍ കോണ്‍ഗ്രസില്‍ കൈമറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത് തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം  പക്ഷേ ആരുടെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഭോപ്പാലില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പത്രസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം ഉണ്ടായത്.

‘പ്രതാപ് സിങ് മികച്ചൊരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്ന് മാത്രമല്ല പല സ്ഥലങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.’ മുഖ്യമന്ത്രി എം.പിയെ പ്രകീര്‍ത്തിച്ചു.

പ്രതാപ് സിങ്ങിന്റെ പ്രവര്‍ത്തനശൈലി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരിയുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് പ്രതാപ് സിങ്. സംസ്ഥാനത്തിന്റെ മുന്‍ വനംവകുപ്പ് മന്ത്രിയും അഞ്ച് തവണ എം.പിയുമായ ബി.ജെ.പിയുടെ സര്‍തജ് സിങ്ങിനെയാണ് അദ്ദേഹം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

Advertisement