മുംബൈ: ആദര്‍ശ് ഹൗസിങ് സൊസൈറ്റി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രാ മുന്‍നിയമസഭാംഗമായ വി. ജിദ്വാനിയെയും അദ്ദേഹത്തിന്റെ മകനെയും സാമ്പത്തിക ഉപദേഷ്ടാവിനെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മാര്‍ച്ച് 16 വരെ സി.ബി.ഐ സ്‌പെഷ്യല്‍ ജഡ്ജ് റിമാന്‍ഡ് ചെയ്തു.

ആദര്‍ശ് ഹൗസിങ് സൊസൈറ്റി കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനെ സ്വാധീനിക്കാനായി സാമ്പത്തിക ഉപദേഷ്ടാവിന് 1.25 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജിദ്വാനിക്കും കുടുംബത്തിനും ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുടെ മൂന്നു ഫ്‌ലാറ്റുകളാണ് സ്വന്തമായി ഉള്ളത്.

ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആദര്‍ശ് ഫഌറ്റ് അഴിമതി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം വരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മഹാരാഷ്ട്രയിലെ കൊളാബയില്‍ നിര്‍മ്മിച്ച സമുച്ചയത്തിലെ ഫ്‌ലാറ്റുകളില്‍ ഏറെയും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും സ്വന്തമാക്കുകയായിരുന്നു. ഈ സംഭവം പുറത്തായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി അശോക് ചവാന്റെ വേണ്ടപ്പെട്ടവരെല്ലാം ഫ്‌ളാറ്റ് കൈക്കലാക്കി എന്നും കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന മൂന്നു മേധാവികള്‍ക്കും വിവാദത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതിനാല്‍ സമുച്ചയം പൊളിച്ചു നീക്കണമെന്ന് മന്ത്രാലയം ജനുവരിയില്‍ നിര്‍ദേശിച്ചിരുന്നു.

Malayalam news

Kerala news in English