തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രക്തത്തിലെ ഓക്‌സിജന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്.

എന്നാല്‍ ശ്വാസോച്ഛ്വാസം അടക്കം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഡോക്ടര്‍മാരുടെ സംഘം 24മണിക്കൂറും അദ്ദേഹത്തെ നീരീക്ഷിക്കുന്നുണ്ട്.

ഇന്നലെ രാവിലത്തെ സ്ഥിതിയെ അപേക്ഷിച്ച് രാത്രയോടെ കരുണാകരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായി. മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ പത്തിനാണ് പനിയും ചുമയും ബാധിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ കെ.മുരളീധരനും പത്മജാ വേണുഗോപാലും അദ്ദേഹത്തോടൊപ്പമുണ്ട്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പികെ ശ്രീമതി മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ കരുണാകരനെ സന്ദര്‍ശിച്ചു.