ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
UP Election
ബി.ജെ.പിക്ക് ജനം പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തിരിക്കുന്നു; ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 1:51pm

 

ലക്‌നൗ: ബി.ജെ.പിക്ക് ജനങ്ങള്‍ പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ബീഹാര്‍, യു.പി ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ ബി.ജെ.പിയുടെ കര്‍ഷക വിരുദ്ധ, യുവജന വിരുദ്ധ, സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം ശബ്ദിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് ജനം പുറത്തേക്കുള്ള വഴി കാണിച്ചിരിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.’ സിന്ധ്യ പറഞ്ഞു.

ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദ് 1,33,565 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് 1,20,917 വോട്ടുകളാണ് ലഭിച്ചത്. ഒന്‍പതാം റൗണ്ട് കൗണ്ടിങ്ങാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അതേപോലെ അറാറിയ ലോക്സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. 2,57108 വോട്ടാണ് ഇപ്പോള്‍ നേടിയത്. 2,44,957 വോട്ടുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തും തുടരുകയാണ്.


Also Read: മാധ്യമങ്ങളെയും ഏജന്റുമാരേയും കൗണ്ടിങ് സെന്ററില്‍ നിന്ന് പുറത്താക്കിയത് ബിജെ.പിയെ വിജയിപ്പിക്കാന്‍; ജില്ലാ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി


25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിനുണ്ട്. അടുത്തവര്‍ഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഫൂല്‍പൂരിലും സമാജ് വാദി പാര്‍ട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.


Also Read: എന്താണ് ഈ ഫ്രീബ്ലീഡിംഗ്? ആര്‍ത്തവവും ഫ്രീബ്ലീഡിംഗും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഇതാ…


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളെ വോട്ടെണ്ണല്‍ നടക്കുന്നയിടത്തു നിന്നും പുറത്താക്കിയത്.


ഡൂള്‍ന്യൂസ് വീഡിയോസ്‌റ്റോറി കാണാം

Advertisement