Administrator
Administrator
കോണ്‍ഗ്രസില്‍ പാളയത്തില്‍പ്പട
Administrator
Wednesday 23rd March 2011 4:39pm

പൊളിറ്റിക്കല്‍ ഡസ്‌ക്

കോഴിക്കോട്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ പാളയത്തില്‍പ്പട. ചെന്നിത്തല, ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ ഇരു ഗ്രൂപ്പിലുമില്ലാത്തവരും പഴയ കരുണാകര ഗ്രൂപ്പുകാരും പുറത്തായി. ഉമ്മന്‍ചാണ്ടി,ചെന്നിത്തല ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ പലര്‍ക്കും സീറ്റ് നഷ്ടമായി.

കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ ആരെങ്കിലും ഒരാള്‍ മാത്രമേ മത്സരിക്കാവൂവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.രാമചന്ദ്രന്‍മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലുമൊരാള്‍ പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സീറ്റ് ലഭിക്കാത്തതില്‍ പരസ്യപ്രതിഷേധവുമായി പത്മജ രംഗത്തെത്തിയിട്ടുണ്ട്. കെ കരുണാകരന് ഒപ്പം നിന്നവരെ വെട്ടിനിരത്തുകയാണ് നേതൃത്വം ചെയ്തതെന്ന് പത്മജ ആരോപിച്ചു. ഇത്ര വേഗം മറക്കാവുന്ന നേതാവാണോ കരുണാകരന്‍. അദ്ദേഹത്തിന്റെ കൂടെ നിന്ന 18ഓളം പേര്‍ കഴിഞ്ഞ തവണ മത്സരിച്ചവരാണ്.

14 പേരുടെ ലിസ്റ്റാണ് ഇത്തവണ തങ്ങള്‍ നല്‍കിയത്. അവസാനമായി പ്രമുഖരായ ആറ് പേര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. ഏറ്റവും സങ്കടം കരുണാകരന്റെ ആത്മാവുറങ്ങുന്ന തൃശൂരില്‍ ഒരാള്‍ക്കും മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നതാണ്. ഇതിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്നും പത്മജ അറിയിച്ചു.

സീറ്റ് വീതം വെപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും തുടങ്ങിയിരുന്നു. ഇത് ശക്തിപ്പെട്ട് സ്‌ഫോടനാത്മകമായ സാഹചര്യത്തിലെത്തിയിരിക്കയാണിപ്പോള്‍.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രകടനം നടത്തിയിരുന്നു. സിദ്ദീഖിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കോഴിക്കോട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും വിജയിക്കില്ലെന്നാണ് സിദ്ദീഖിന്റെ അനുയായികള്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ വക്താവായ സിദ്ദീഖിനെതിരെ രമേശ് ചെന്നിത്തല ശക്തമായ നീക്കമാണ് നടത്തിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സിദ്ദീഖ് പക്ഷം.

നേരത്തെ കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയാഡാലിയും ചെന്നിത്തലക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്‍.എസ്.സിനെ കൂട്ട്പിടിച്ച് വര്‍ഗ്ഗീയ ദ്രുവീകരണത്തിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നായിരുന്നു ജയാഡാലിയുടെ ആരോപണം. ജയാഡാലി റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തുകയും ഇടതുപക്ഷം അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ.വി. ഗോപിനാഥ്, ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്, പ്ദമജ വേണുഗോപാല്‍, എം.എം. ഹസ്സന്‍, ആലുവ മുന്‍ എം.എല്‍.എ. കെ. മുഹമ്മദാലി തുടങ്ങിയ നേതാക്കളും വിവിധ പാര്‍ട്ടി ഘടകങ്ങളും സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വിജയം ഉറപ്പാക്കിയ മട്ടില്‍ ന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകള്‍ എല്ലാ പരിധിയും വിട്ട് ഗ്രൂപ്പ് കളിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

ഘടകക്ഷികളുടെ പ്രശ്‌നം പരാതികള്‍ പരിഹരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ലഭിച്ച സീറ്റുകളില്‍ മത്സരിക്കില്ലെന്ന് സി.എം.പി നേതൃത്വം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കോട് മണ്ഡലം ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് പാര്‍ട്ടിക്ക്. സോഷ്യലിസ്റ്റ് ജനാദളും സീറ്റ് വിഭജനത്തില്‍ അസംതൃപ്തരാണ്.

Advertisement