കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സംബന്ധിച്ച ഡി.സി.സി പ്രസിഡണ്ട് പി.രാമകൃഷ്ണന് പിന്നാലെ കെ.സുധാകരന്‍ വിഭാഗവും കെപിസിസിക്ക് മറുപടി നല്‍കി. ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെ ഉപരോധിച്ചിട്ടില്ലെന്നും. ഡിസിസി ഓഫീസ് പരിസരത്ത് ബഹളമുണ്ടാക്കിയ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

ഐ വിഭാഗത്തിലെ ജില്ലയിലെ പ്രമുഖനായ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്‍.നാരായണ്‍കുട്ടിയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ജില്ലയിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ച പരസ്യ വിഴുപ്പലക്കലിലേക്കെത്തിയപ്പോഴാണ് കെ.പി.സി.സി പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. പി.രാമകൃഷ്ണനോടും കെ.സുധാകരനോടും 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു കെപിസിസി നല്‍കിയ നിര്‍ദ്ദേശം.

തുടര്‍ന്ന് പി.രാമകൃഷ്ണന്‍ തിങ്കളാഴ്ച ഉച്ചയോടെ കെപിസിസിക്ക് വിശദീകരണം നല്‍കിയിരുന്നു. പതിനൊന്ന പേജുള്ള വിശദീകരണത്തില്‍ കെ.സുധാകരനെതിരെ താനുന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍ ഗ്രൂപ്പും വിശദീകരണ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്.