എഡിറ്റര്‍
എഡിറ്റര്‍
‘കൊല്ലുന്ന കൈ’ പരാമര്‍ശം: മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്
എഡിറ്റര്‍
Sunday 10th November 2013 9:41pm

narendra-modi

ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അടയാളത്തെ കൊല്ലുന്ന കൈ എന്നു പരാമര്‍ശിച്ചതിനെതിരായാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

ഛത്തീസ്ഗഡിലെ ദോന്‍ഗര്‍ഗഡില്‍ വ്യാഴാഴ്ച്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഛത്തീസ്ഗഡിനെ കൊല്ലുന്ന കയ്യില്‍ നിന്ന മോചിപ്പിക്കണമെങ്കില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.

കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തെ കൊല്ലുന്ന കൈ എന്ന് വിശേഷിപ്പിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ പരാമര്‍ശമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നത്തെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ കോണ്‍ഗ്രസിനെ മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനെക്കൂടിയാണ് അവഹേളിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

തിരഞ്ഞെടുപ്പ് വിജയത്തിനായി സി.ബി.ഐ യെയും ഇന്ത്യന്‍ മുജാഹിദീനെയും കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നു എന്ന് വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശിലെ റാലിക്കിടെ മോദി പറഞ്ഞതും കോണ്‍ഗ്രസില്‍ വിദ്വേഷം ജനിപ്പിച്ചിട്ടുണ്ട്.

മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഐ.എസ്.ഐ പരാമര്‍ശത്തിനെതിരെ നേരത്തേ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി.

Advertisement