ബാംഗ്ലൂര്‍: 2G സ്‌പെക്ട്രം വിഷയത്തില്‍ ഉത്തരംമുട്ടിയ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കാനായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ ലക്ഷ്യമിടുന്നതായി സൂചന. സ്‌പെക്ട്രം വിവാദം ചെറുക്കാനായി ഭൂമിവിവാദത്തില്‍ കുടുങ്ങിയ യദ്യൂരപ്പയെ കരുവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ബി ജെ പി കേന്ദ്രനേതൃത്വം യെദ്യൂരപ്പയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഭൂമിവിവാദം കേന്ദ്രത്തില്‍വരെ എത്തിയതിനെത്തുടര്‍ന്ന് ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് യെദ്യൂരപ്പയെ വിളിപ്പിച്ചതെന്നാണ് സൂചന. കര്‍ണാടകയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

ബാംഗ്ലൂര്‍ വികസന അതോറിറ്റിക്കും സംസ്ഥാന വ്യവസായ വികസന ബോര്‍ഡിനുമായി ഏറ്റെടുത്ത സ്ഥലം മക്കള്‍ക്കായി അനധികൃതമായി പതിച്ചുനല്‍കി എന്ന ആരോപണമാണ് യെദ്യൂരപ്പക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ യെദ്യൂരപ്പ നിഷേധിച്ചിട്ടുണ്ട്. അതിനിടെ പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് യെദ്യൂരപ്പയുടെ മകനും മകളും തങ്ങള്‍ക്കുലഭിച്ച ഭൂമി തിരിച്ചുനല്‍കി.

2G സ്‌പെക്ട്രം വിവാദത്തില്‍ ആയുധമില്ലാതിരുന്ന കോണ്‍ഗ്രസിന് കര്‍ണാടകയിലെ ഭൂമിവിവാദം ആശ്വാസം നല്‍കുന്നുണ്ട്. ഭൂമിവിവാദത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ സെപെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആകാം എന്നതുവരെയെത്തിയിട്ടുണ്ട് കാര്യങ്ങള്‍.

വിഷയം കര്‍ണാടകയിലെ പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്. യെദ്യൂരപ്പ അധികാരത്തിലേറിയ ശേഷം 5000 കോടിരൂപയുടെ ഭൂമിതട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ ആരോപിച്ചു. മുഖ്യമന്ത്രിയെ മാറ്റാന്‍ ബി ജെ പി കേന്ദ്രനേതൃത്വം തയ്യാറാകണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടിട്ടുണ്ട്.