Categories

കോണ്‍ഗ്രസിന്റെത് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം: അരുണ്‍ ജെയ്റ്റിലി

arun-jaitly

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെത് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലി.

നരേന്ദ്രമോഡിയുടെത് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് ജയ്റ്റിലി പ്രതികരിച്ചത്.

കോണ്‍ഗ്രസ് മുമ്പ് നടത്തിയിരുന്ന വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം രാഹുല്‍ മറന്നു പോയതാണോ എന്നും ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയാഗാന്ധി ഇവരെല്ലാം കോണ്‍ഗ്രസിന്റെ വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിനുള്ള ഉദാഹരണങ്ങളാണെന്നും ജെയ്റ്റിലി പറഞ്ഞു.
തങ്ങള്‍ക്ക് തോന്നിയ പോലെയാണ് ഇവരെല്ലാം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ഇതു തന്നെയാണ് ചെയ്യുന്നതെന്നും ജെയ്റ്റിലി പറഞ്ഞു.

‘1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ട്ടിയിലെ പ്രമുഖരെ പിന്തള്ളി  ഇന്ദിരാഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റാക്കിയ തീരുമാനം കോണ്‍ഗ്രസിന്റെ ഏകാധിപത്യ തീരുമാനങ്ങളുടെ തുടക്കമായിരുന്നു.

ഇന്ദിരാഗാന്ധിയുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അവരുടെ രാഷ്ട്രീയത്തില്‍ പ്രകടമായിരുന്നു. അത് 1969 ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് തന്നെ കാരണമായി. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമായിരുന്നു അന്ന് എ.ഐ.സി.സിയുടെ മുദ്രാവാക്യം.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1987ല്‍ വ്യാജ സെന്റ് കിറ്റ്‌സ് കേസില്‍ വി.പി.സിങിന്റെ മകനെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ഒന്നടങ്കം ശ്രമിച്ചുവെന്നത് പാര്‍ട്ടിയുടെ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ്’ അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

നിലവില്‍ എ.ഐ.സി.സി പ്രസിഡന്റ്ായ സോണിയാഗാന്ധിയുടെ തീരുമാനപ്രകാരമാണ് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നതെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.