ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത കോണ്‍ഗ്രസ്-ഡി.എം.കെ തര്‍ക്കം തീരുന്നു. 63 നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിറകോട്ട് പോയതായാണ് റിപ്പോര്‍ട്ട്. 60 സീറ്റ് മതിയെന്ന് കോണ്‍ഗ്രസ് സമ്മതിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 60 സീറ്റ് വേണമെന്നും അത് തന്നെ എവിടെയൊക്കെ മത്സരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഡി.എം.കെ-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങിയത്.

കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ച് നിന്നതോടെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ ഡി.എം.കെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് പ്രതിസന്ധി അയഞ്ഞ് തുടങ്ങിയത്. പ്രശ്‌നത്തില്‍ പ്രണബ് മുഖര്‍ജി ഇടപെടുകയും ഡി.എ.കെ നേതാവ് ടി.ആര്‍.ബാലുവുമായും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.

സോണിയാഗാന്ധി, അഹമ്മദ് പട്ടേല്‍,ഗുലാംനബി ആസാദ് എന്നിവരുമായി പ്രണബ് ചര്‍ച്ച നടത്തിയിരുന്നു.