എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ഇന്ന്; മമതയെ അനുനയിപ്പിക്കാന്‍ ശ്രമം
എഡിറ്റര്‍
Wednesday 19th September 2012 9:09am

ന്യൂദല്‍ഹി: യു.പി.എയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും.

പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ പത്ത് മണിക്കാണ് യോഗം. യു.പി.എയില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പിന്മാറാനും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനുമുള്ള മമതയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെ നിലനില്പിന് ഭീഷണിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് യോഗം.

Ads By Google

ചര്‍ച്ചയ്ക്കിടെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മമതാ ബാനര്‍ജിയെ ടെലഫോണില്‍ വിളിച്ച് ഒരു സന്ധി സംഭാഷണത്തിന് തയ്യാറാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഡി.എം.കെയും യു.പി.എയില്‍ നിന്ന് അകലുന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധന വില വര്‍ധനവ്, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം എന്നീ വിഷയങ്ങളുന്നയിച്ച് ബി.ജെ.പി വ്യാഴാഴ്ച്ച നടത്തുന്ന ഭാരത് ബന്ദിന് ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചു.

മമത പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിന്റെ പിന്നാലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ ബന്ദിന് യു.പി.എ സഖ്യകക്ഷി പിന്തുണ പ്രഖ്യാപിച്ചതും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

അതിനിടെ യു.പി.എ സര്‍ക്കാരില്‍ ചേരില്ലെന്ന് മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി കക്ഷികള്‍ സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

തൃണമൂലിന്റെ ആറ് കേന്ദ്രമന്ത്രിമാരും വെള്ളിയാഴ്ച രാജിവെക്കുമെന്നാണ് മമതാ ബാനര്‍ജി അറിയിച്ചത്. വെള്ളിയാഴ്ചയ്ക്കകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യു.പി.എ.യിലെ രണ്ടാമത്തെ വലിയകക്ഷിയാണ് 19 എം.പി.മാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ്. ഡീസല്‍വില കൂട്ടിയതും ചില്ലറവ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചതും 72 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്ന് മമത കേന്ദ്രസര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍, തീരുമാനത്തില്‍നിന്ന് പിന്നാക്കംപോകാനാവില്ലെന്ന് സര്‍ക്കാറും കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച കൊല്‍ക്കത്ത ടൗണ്‍ഹാളില്‍ മൂന്നുമണിക്കൂര്‍നീണ്ട പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് യു.പി.എ. വിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Advertisement