തിരുവനന്തപുരം: സി.എം.പിയുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. അഴീക്കോടിന് പകരം വട്ടിയൂര്‍കാവോ, തിരുവനന്തപുരമോ വേണമെന്ന ആവശ്യത്തില്‍ സി.എം.പി ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് യോജിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ധാരണയായില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നും സി.എം.പി വ്യക്തമാക്കി.

എം.വി രാഘവന് മത്സരിക്കാന്‍ അഴീക്കോട് സീറ്റ് സി.എം.പി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അഴീക്കോട് സീറ്റില്‍ മുസ് ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് സി.എം.പിക്ക് പകരം സീറ്റ് തേടേണ്ടിവന്നത്.

അതിനിടെ സോഷ്യലിസ്റ്റ് ജനതയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. എട്ട് സീറ്റുവേണമെന്നാണ് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് സീറ്റുവരെ തരാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.