ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന തീവ്രവാദിയാക്രമണങ്ങളില്‍ ആര്‍.എസ്.എസിനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന പിന്‍വലിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി. മുംബൈ സ്‌ഫോടനത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ ദിഗ് വിജയ് സിംഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി വക്താക്കളായ രവിശങ്കര്‍ പ്രസാദും ഷാനവാസ് ഹുസൈനും കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയുടേയും രാഹുലിന്റേയും അറിവോടെയാണ് ദിഗ് വിജയ് സിംഗ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപി വക്താക്തക്കള്‍ പറഞ്ഞു. മുംബൈ സ്‌ഫോടനത്തിന്റെ അന്വേഷണം വഴിതിരിച്ചു വിടാനും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഹുസൈന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി. യു.പി.എ സര്‍ക്കാര്‍ തീവ്രവാദികളെ പിടികൂടുന്നതിന് പകരം അവര്‍ക്ക് പ്രേരണ നല്‍കുകയാണ് ചെയ്യുന്നതെന്ന് മോഡി പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് ഗുജറാത്ത് പൊലീസ് സംഘം അന്വേഷണത്തെ സഹായിക്കാന്‍ മുംബൈയിലെത്തിയിരുന്നു. മുംബൈ സ്‌ഫോടനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത ചില സിമി പ്രവര്‍ത്തകരെ ഏതെങ്കിലും തരത്തില്‍ അവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് മോഡി കുറ്റപ്പെടുത്തി.