എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി മമതയും മുലായവും
എഡിറ്റര്‍
Thursday 14th June 2012 11:40am

ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതയുമായി സോണിയാഗാന്ധി നടത്തിയ ചര്‍ച്ച നാടകീയമയ അന്ത്യത്തിലെത്തി .

 

സോണിയ നിര്‍ദ്ദേശിച്ച പേരുകള്‍ മമതയും മുലായവും തള്ളി, പകരം മന്‍മോഹന്‍ സിങ്ങിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, എന്നീ പേരുകളാണ് സോണിയ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ പേരുകള്‍ തള്ളിയ മമതയും മുലായവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അബ്ദുല്‍ കലാം, മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സോണിയാഗാന്ധി-മമത ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് ശേഷം മമത സോണിയ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു. നാടകീയമായ രംഗങ്ങളായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം അരങ്ങേറിയത്.

രണ്ട് പേരുകളാണ് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിച്ചതെന്നും എസ്.പി നേതാവ് മുലായം സിങ്ങിനെ സന്ദര്‍ശിച്ച ശേഷം തന്റെ നിലപാട് വ്യക്തമാക്കുമെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മുലായത്തിന്റെ വീട്ടിലേക്ക് പോയ മമത അവിടെ ഹ്രസ്വചര്‍ച്ച നടത്തിയ ശേഷം പുറത്ത് വന്ന് ഇരുവരും മന്‍മോഹന്‍, കലാം, സോമനാഥ് എന്നിവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ പിന്തുണക്കാന്‍ മറ്റ് പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇരുവരുടേയും പ്രഖ്യാപനം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി തീരുമാനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കി രാഷ്ട്രീയ മാറ്റത്തിന് കോണ്‍ഗ്രസ്സ് മുതിരുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതിന് എതിരായി പ്രണബിന്റെയും അന്‍സാരിയുടെയും പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ മമതയുടെയും മുലായത്തിന്റെയും ഭാഗത്തു നിന്ന് ഇങ്ങനെയൊരു നിര്‍ദ്ദേശം ആരും പ്രതീക്ഷിച്ചിരുന്നില്ല. സഖ്യ കക്ഷിയായ തൃണമൂലിന്റെയും യു.പി.എക്ക് പുറത്തുള്ള മുലായത്തിന്റെയും പിന്തുണയില്ലാതെ യു.പി.എ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ല.

എന്നാല്‍ മമതയുടെയും മുലായത്തിന്റെയും നീക്കത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ താത്പര്യവും ഇതിനു പിന്നിലുണ്ടെന്നു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സിന് പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്.

എന്നാല്‍ ബി.ജെ.പി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിന് ശേഷമേ തങ്ങള്‍ തീരുമാനിക്കൂ എന്ന നിലപാടിലാണ് ബി.ജെ.പി.

Advertisement