എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി: സോണിയ ഗാന്ധി റായ് ബറേലിയില്‍ നിന്ന് മത്സരിക്കും
എഡിറ്റര്‍
Saturday 8th March 2014 6:00pm

congress1

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്ഡഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

194 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ് ബറേലിയില്‍ നിന്ന് മത്സരിക്കും.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നുമായിരിക്കും ജനവിധി തേടുക.

ഉത്തര്‍പ്രദേശില്‍ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ആരുമില്ല.

അതേസമയം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മഹാരാഷ്ട്രയിലെ രാംടകില്‍ നിന്ന് മത്സരിക്കും.

ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് യു.പിയിലെ ഫൂല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കേരള ഗവര്‍ണറായിരുന്ന നിഖില്‍കുമാര്‍ ഔറംഗബാദില്‍ നിന്നും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ അനന്തിരവള്‍ കരുണ ശുക്ല ബിലാസ്പൂരില്‍ നിന്നും മത്സരിക്കും.

ആധാര്‍ എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്‍ഫോസിസ് സ്ഥാപക അംഗവും യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

പ്രമുഖ നേതാക്കളായ റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.എച്ച് മുനിയപ്പ, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി നടരാജന്‍, ചലച്ചിത്രതാരം രമ്യ എന്നിവരും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുന്നു.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച ഭോജ്പുരി നടന്‍ രവി കിഷനും പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയിലെ 35 ശതമാനം പേരും 50 വയസിന് താഴെയുള്ളവരാണ്. 28 വനിത സ്ഥാനാര്‍ത്ഥികളും 194 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

Advertisement