എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ തിരഞ്ഞെടുപ്പ്; ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Tuesday 12th November 2013 12:55am

sheila-dikshit

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 56 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ആറ് മന്ത്രിമാരടക്കം 41 സിറ്റിങ് എം.എല്‍.എ.മാര്‍ക്കും പാര്‍ട്ടി സീറ്റുനല്‍കി. മുഖ്യമന്ത്രി ഷീലാദീക്ഷിത് തുടര്‍ച്ചയായി നാലാമതും ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കും.

ഡിസംബര്‍ നാലിനാണ് ദല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. എസ്.പി., ബി.എസ്.പി. പാര്‍ട്ടികള്‍ 70 മണ്ഡലങ്ങളിലേക്കും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി. 64 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ന്യൂദല്‍ഹിയില്‍ തന്നെ ഷീലാദീക്ഷിത് മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലത്തില്‍ ത്രികോണമത്സരം വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഷീലാ ദീക്ഷിത് ഏത് മണ്ഡലത്തിലാണോ മത്സരിക്കുന്നത് അവിടെ മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ കെജ്‌രിവാളിന്റെ തീരുമാനം.

മുന്‍ സംസ്ഥാന പ്രസിഡന്റ് വിജേന്ദര്‍ ഗുപ്തയാണ് ഇവിടെ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി.

സ്പീക്കര്‍ യോഗാനന്ദ ശാസ്ത്രി ഇത്തവണയും സ്ഥാനാര്‍ഥിയാവും. ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ഡോ. ഹര്‍ഷവര്‍ധനനെതിരെ കിഴക്കന്‍ ഡല്‍ഹിയിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.കെ. മോംഗ മത്സരിക്കും.

സ്പീക്കര്‍ യോഗാനന്ദ ശാസ്ത്രിയെ മെഹ്‌റോളി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി.

ചൗധരി പ്രേംസിങ്, ബല്‍റാം തന്‍വര്‍, ബര്‍ക്ക സിങ്, ഡോ. നരേന്ദ്രനാഥ്, മത്തീന്‍ അഹമ്മദ്, വീര്‍സിങ് ധിന്‍ഗന്‍, സുഭാഷ് ചോപ്ര, മുകേഷ് ശര്‍മ, അനില്‍ ഭരദ്വാജ്, മംഗത് റാം സിംഗാള്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍.

ഹാറൂണ്‍ യൂസഫ് (ബല്ലിമാരന്‍), എ.കെ. വാലിയ (ലക്ഷ്മിനഗര്‍), രമാകാന്ത് ഗോസ്വാമി (രാജേന്ദ്രനഗര്‍), കിരണ്‍ വാലിയ (മാളവ്യനഗര്‍), അര്‍വിന്ദര്‍ സിങ് ലവ്‌ലി (ഗാന്ധിനഗര്‍), രാജ്കുമാര്‍ ചൗഹാന്‍ (മംഗോള്‍പുരി) എന്നിവരാണ് മത്സരരംഗത്തുള്ള മന്ത്രിമാര്‍.

Advertisement