എഡിറ്റര്‍
എഡിറ്റര്‍
വിദേശ ഫണ്ട്: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Saturday 29th March 2014 6:22am

court-2

ന്യൂദല്‍ഹി: നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചതിന് കോണ്‍ഗ്രസിനെതിരെയും ബി.ജെ.പിയ്‌ക്കെതിരെയും നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന സ്ഥാപനത്തില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിനെതിരെ നടപടിയെടുക്കാനാണ് സുപ്രീം കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ആറ് മാസത്തിനുള്ളില്‍ രണ്ട് പാര്‍ട്ടിയ്ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ പൊളിറ്റിക്കല്‍ റിഫോംസ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പ്രദീപ് നന്ദജോഗ്, ജയന്ത്് നാഖഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നടപടിയ്ക്ക് ഉത്തരവിട്ടത്. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷനാണ് സംഘടനയ്ക്ക് വേണ്ടി കോടതിയില്‍ ഹാജറായത്.

എന്നാല്‍ വിദേശ കമ്പനികളുടെ ഇന്ത്യന്‍ ഘടകങ്ങളില്‍ നിന്ന് മാത്രമെ ഫണ്ട് സ്വീകരിച്ചിട്ടുള്ളുവെന്നും ഇത് ചട്ടലംഘനമല്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ നിലപാട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ട്ടികളുടെ വിദേശ ഫണ്ട് സ്വീകരിക്കലിനെ പറ്റി സി.ബി.ഐയോ കോടതി നിയന്ത്രണത്തിലുള്ള പ്രത്യേകസംഘമോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.എ.എസ് ശര്‍മ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിച്ചിരുന്നു. വേദാന്ത റിസോഴ്‌സസിന് പുറമെ സ്റ്റെറിലൈറ്റ് ഇന്റസ്ട്രീസ്, സെസ ഗോവ, മാല്‍കോ ഇന്ത്യയിലെ അവരുടെ അനുബന്ധ കമ്പനികളില്‍ നിന്നും രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കോടിക്കണക്കിന് രൂപ സംഭാവനയായി സ്വീകരിയ്ക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

അതേ സമയം കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജറായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു ആരോപണങ്ങളെ നിഷേധിച്ചു.

Advertisement