ന്യൂദല്‍ഹി: സംഘടനാ രൂപീകരണത്തിന്റെ 125ാം വാര്‍ഷികത്തില്‍ മുതിര്‍ന്ന നേതാവായിരുന്ന സഞ്ജയ്ഗാന്ധിക്കെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി നടപ്പാക്കിയ നിര്‍ബന്ധിത കുടുംബാസൂത്രണം ഉള്‍പ്പടെയുള്ള പലകാര്യങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതിന് കാരണമായി എന്നാണ് വൈകിയ വേളയില്‍ കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘കോണ്‍ഗ്രസും ഇന്ത്യയുടെ രൂപീകരണവും’ എന്ന പുസ്തകത്തിലാണ് സഞ്ജയ് ഗാന്ധിക്കെതിരേ നിശിതവിമര്‍ശനമുന്നയിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍.

Subscribe Us:

ജനോപകാരപ്രദമായ പല പദ്ധതികളും സഞ്ജയ് ഗാന്ധി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം ആളുകളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലായിരുന്നു. ഇത് ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. വിദ്യാഭ്യാസ പുരോഗതിക്കായും തൊഴിലവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായും സഞ്ജയ്ഗാന്ധി ശ്രമിച്ചു. എന്നാല്‍ ഏകാധിപത്യമനോഭാവത്തോടെയായിരുന്നു ഇവയെല്ലാം നടപ്പാക്കിയിരുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.