ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Politics
‘എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അഭയം നല്‍കിയതിലുളള ശിക്ഷ’; ജെ.ഡി.യു രാഷ്ട്രീയ മര്യാദ കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 6:56pm

 

തിരുവനന്തപുരം: യൂ.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു വിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്ത്. ജനതാദള്‍ യു യു.ഡി.എഫ് വിട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കിയ ജനതാദള്‍ യുവിന് അഭയം നല്‍കിയതിനുള്ള ശിക്ഷയാണിതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മര്യാദ പോലും കാട്ടിയില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. മുന്നണിമാറ്റത്തെ പറ്റി ഫോണ്‍ ചെയ്ത് അറിയിക്കാനുള്ള മാന്യതപോലും ജെ.ഡി.യു കാണിച്ചിെല്ലന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് ജെ.ഡി.യു വിന്റെ മുന്നണിമാറ്റമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെയാണ് ജെ.ഡി.യു മുന്നണി മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജെ.ഡി.യു യു.ഡി.എഫ് വിട്ടതായുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് പാര്‍ട്ടി ചെയര്‍മാന്‍ എം.പി വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ട്ടി അംഗങ്ങള്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ഇടതുപക്ഷ ചിന്താഗതിയുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും. പാര്‍ട്ടിയുടെ പൊതുവികാരം മാനിച്ചാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു.ഡി.എഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. ഇത്രയും നാള്‍ രാഷ്ട്രീയ പിന്തുണ നല്‍കിയതിന് നന്ദി. മാത്രമല്ല പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ട് കോണ്‍ഗ്രസ്സിന് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ സംഘപരിവാര്‍ ശക്തികളുടെ സ്വാധീനം കാരണം ജനങ്ങളുടെ സ്വകാര്യ ജീവിതം തകര്‍ന്നിരിക്കുകയാണ്. അതേസമയം ഇത്തരം രാഷ്ട്രീയ ശക്തികളെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കയുള്ളുവെന്നും അതുകൊണ്ടു തന്നെ ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Advertisement