വിപ്ലവ സ്മരണകള്‍ക്ക് എണ്‍പത് വര്‍ഷം

രാജ്യസ്‌നേഹികളായ ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവര്‍ ധീരരക്തസാക്ഷികളായിട്ട് എണ്‍പത് വര്‍ഷം തികയുന്നു. സ്വാതന്ത്ര്യത്തിനായി രാജ്യം നടത്തിയ രക്ത പങ്കിലമായ പോരാട്ടത്തിന്റെ ജ്വലിക്കുന്ന സ്മരണകളാണിവര്‍ . എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിചത്രത്തില്‍ ഈ രക്തസാക്ഷിത്വത്തിന്റെ വില വേണ്ട വിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

ഭഗത് സിങുള്‍പ്പെടെയുള്ളവരെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പാര്‍ശ്വവത്കരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഭഗത്സിങിന്‍െ സഹോദര പുത്രന്‍ അഭയ് സിങ് സന്ധു രംഗത്തെത്തിക്കഴിഞ്ഞു. ഭഗത്സിങ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ വില കുറച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചതെന്ന് സന്ധു മിഡ്ഡേ പത്രത്തോട് വ്യക്തമാക്കി.

Subscribe Us:

‘ ഭഗത്സിങ് എപ്പോഴും ബോംബുകളും തോക്കുകളുമായി നടക്കുന്ന ഭീകരവാദിയായാണ് ചിത്രീകരിക്കപ്പെട്ടത്. ഇത് ശരിയല്ല. ഇത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്. നെഹ്‌റുവിനും ഗാന്ധിജിക്കും ജനസമ്മതി ലഭിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമായിരുന്നു അത്. കോണ്‍ഗ്രസ് ആശയത്തോട് യോജിക്കാതിരുന്ന ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരെയും അവരുടെ കുടുംബത്തെയും കോണ്‍ഗ്രസ് പാര്‍ശ്വവത്കരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വളരെ വൈകിയാണ് ഭഗത് സിങിനെ അംഗീകരിക്കാന്‍ തയ്യാറായത്. ഇത് തന്നെ ജന പിന്തുണ പിടിച്ച് പറ്റാന്‍ വേണ്ടിയായിരുന്നു. ഒരു ദേശീയ മാഗസിന്‍ അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയ സ്വാതന്ത്ര്യസമര നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ഭഗത് സിങായിരുന്നു. മഹാത്മാ ഗാന്ധിജിയുടെ പേര് ആറാമത്തെതായാണ് വന്നത്. കോണ്‍ഗ്രസിനുള്ള ജനങ്ങളുടെ ശക്തമായ മറുപടിയായിരുന്നു അത്’ – സന്ധു പറയുന്നു.

സ്വാതന്ത്ര്യത്തിനായി ഭഗത്സിങ് അനുഭവിച്ച ത്യാഗത്തിന്റെയും വേദനയുടെ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനായി ഭഗത്സിങിന്റെ കത്തുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സന്ധു.