തിരുവനന്തപുരം: യു.ഡി.എഫ് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണ്ട് മുന്നോട്ട് പോകണമെന്ന് വി.എം സുധീരന്‍ എം.എല്‍.എ. യു.ഡി.എഫിന്റെ ഭരണശൈലിയില്‍ മാറ്റം വരണമെന്നും സുധീരന്‍ പറഞ്ഞു.

Ads By Google

പ്രശ്‌നങ്ങളില്‍ നയപരമായി കൂടുതല്‍ ചര്‍ച്ച നടത്തി സമവായത്തിന്റെ പാതയിലൂടെ മുന്നോട്ട് പോയാല്‍ അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കാം.

വിമര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ആര്‍ക്കും ഗുണകരമാകില്ല. കോണ്‍ഗ്രസ് ജയിച്ചതില്‍ ആന്റണി നിര്‍ണായക പങ്ക് വഹിച്ചെന്നും ആന്റണിയുടെ അഭിപ്രായത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും വി.എം സുധീരന്‍ പറഞ്ഞു.

കേരളം ഇപ്പോള്‍ മാഫിയകളുടെ കൈകളിലാണെന്നും വി.എം സുധീരന്‍ ആരോപിച്ചു.

അതേസമയം, യു.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ധനമന്ത്രി കെ.എം മാണി വ്യക്തമാക്കി.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്ന് പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.