തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന അധിക പാചകവാതകം ലഭിക്കുക കേരളത്തില്‍ ബി.പി.എല്‍ കുടുംബത്തിന് മാത്രമായിരിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കാന്‍ തീരുമാനിച്ചിരുന്നു. സിലിണ്ടറുകളുടെ എണ്ണം ആറാക്കി വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടിയോട് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ തീരുമാനം കൈകൊണ്ടത്. പുതിയ തീരുമാനം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ദല്‍ഹി സര്‍ക്കാര്‍ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതേ നിര്‍ദേശം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് അറിയിച്ചത്.

Ads By Google

ഇതോടെ അധികം വരുന്ന മൂന്ന് സിലിണ്ടറുകളുടെ സബ്‌സിഡി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. 750 കോടി രൂപയുടെ അധികബാധ്യതയാണ് ഇത് മൂലം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുണ്ടാകുക.

സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറെണ്ണമായി പരിമിതപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് മന്ത്രിമാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മധ്യവര്‍ഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃമന്ത്രി കെ.വി.തോമസും കൃഷിഭക്ഷ്യ സംസ്‌കരണ മന്ത്രി ഹരീഷ് റാവത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയിരുന്നു.

ഒരുവര്‍ഷം ആറ് സിലിണ്ടറുകള്‍ നിലവിലുള്ള വിലയ്ക്ക് വിതരണംചെയ്യണം. തുടര്‍ന്ന് ഏഴുമുതല്‍ 12 വരെ സിലിണ്ടറുകള്‍ക്ക് 50 രൂപയും 13 മുതല്‍ 24 വരെ സിലിണ്ടറുകള്‍ക്ക് 150 രൂപയും അധികമായി നല്‍കണം. 24ന് മേലുള്ള സിലിണ്ടറുകള്‍ക്ക് സബ്‌സിഡിയില്ലാതെ മുഴുവന്‍വിലയും ഈടാക്കാം. പാചകവാതക സിലിണ്ടറിന് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമാണ് മന്ത്രി തോമസ് മുന്നോട്ടുവെച്ചത്.