ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റേത് കുടുംബരാഷ്ട്രീയമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നത് കുടുംബ രാഷ്ട്രീയമാണ്. ഗാന്ധി കുടുംബത്തിന്റെ ഇച്ഛയ്ക്കനുസരിച്ചാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോഡി ആരോപിച്ചു.

Ads By Google

കേന്ദ്രത്തില്‍ ഒരു സര്‍ക്കാറുള്ളതായി ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഗാന്ധികുടുംബത്തിന്റെ കമ്മീഷന്‍ പോക്കറ്റിലാക്കുന്നവരാണ് കോണ്‍ഗ്രസിലുള്ളത്.

പ്രണബ് മുഖര്‍ജിയാണ് പ്രധാനമന്ത്രിയെങ്കില്‍ ഇങ്ങനനെയൊരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ദരിദ്രര്‍ക്ക് കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണുള്ളത്.

കുടുംബ പാരമ്പര്യത്തിലധിഷ്ഠിതമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. ഇന്ത്യക്ക് മുന്നേറാനുള്ള നിരവധി സാധ്യതകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അതെല്ലാം നശിപ്പിച്ചതായും മോഡി തുറന്നടിച്ചു.

രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാരാണ് യു.പി.എയുടേത്. നിലവിലെ ദുര്‍ഭരണത്തിന് ബദല്‍ ബി.ജെ.പി മാത്രമാണ്. ഇന്നവസാനിക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് മോഡി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.

ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയാണെന്ന് പറയാതെ പ്രഖ്യാപിച്ച് കൊണ്ടാണ് ദേശീയ കൗണ്‍സില്‍ യോഗം അവസാനിക്കുന്നത്.

കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നാകണമെന്നും ഭീകരവാദത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടു.