എഡിറ്റര്‍
എഡിറ്റര്‍
ലോഗോ, ലേ ഔട്ട് മാറ്റം: മാധ്യമത്തിലും ജമാഅത്തിലും ഭിന്നത രൂക്ഷം
എഡിറ്റര്‍
Saturday 4th January 2014 7:30pm

madhyamam1

കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിന്റെ ലോഗോയും മാസ്റ്റര്‍ ഹെഡും ലേ ഔട്ടും പരിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമം, ജമാഅത്ത് കേന്ദ്രങ്ങളില്‍ ഭിന്നത രൂക്ഷമാകുന്നു. പുതുവത്സര ദിനം മുതലാണ് പുതിയ പരിഷ്‌കാരങ്ങളുമായി മാധ്യമം പത്രം പുറത്തിറങ്ങിയത്.

എന്നാല്‍ പുതിയ പരിഷ്‌കാരങ്ങളെ അംഗീകരിക്കാന്‍ മാധ്യമം ദിനപ്പത്രത്തിലെ ജീവനക്കാരോ വായനക്കാരോ ജമാഅത്ത് അനുഭാവികളോ തയ്യാറായിട്ടില്ല.

വേണ്ടത്ര ആലോചനയോ അഭിപ്രായം തേടലോ ഇല്ലാതെ പത്രത്തിലെ ഒരു വിഭാഗത്തിന്റെ തീരുമാനമാണിതെന്നാണ് പുതിയ മാറ്റത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഇത് സോളിഡാരിറ്റിവല്‍ക്കരണമായും മാറ്റത്തെ എതിര്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമത്തില്‍ പുതുതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി ചാര്‍ജെടുത്ത സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട്  പി.ഐ നൗഷാദും  പുതുതായി ഐഡിയല്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി വന്ന  എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.കെ ഫാറൂഖും  ഏകപക്ഷീയമായാണ് പുതിയ മാറ്റത്തിന് നേതൃത്വം നല്‍കിയതെന്നും പറയപ്പെടുന്നു.

മാറ്റത്തെ എതിര്‍ത്തുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നൂറുകണക്കിന് കോളുകളാണ് മാധ്യമത്തിന്റെ ഓഫീസില്‍ എത്തുന്നത്. മാസ്റ്റര്‍ ഹെഡും ലോഗോ പരിഷ്‌കരണവും അംഗീകരിക്കാന്‍ തയ്യാറാകാത്ത മാധ്യമം വായനക്കാര്‍ പലയിടങ്ങളിലും ബഹിഷ്‌കരണ ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.

അതിനിടെ മാധ്യമം എഡിറ്റോറിയല്‍ മീറ്റിങിലും ഈ മാറ്റങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നാണ് പയുന്നത്. ഡെപ്യൂട്ടി എഡിറ്റര്‍മാരായ കെ.ബാബുരാജും കാസിം ഇരിക്കൂറും എഡിറ്റര്‍ അബ്ദു റഹിമാനും മാറ്റത്തിനെതിരായി പൊട്ടിത്തെറിച്ചെന്ന് അറിയുന്നു.

ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസയും മാറ്റങ്ങള്‍ക്കെതിരായിപരസ്യമായി രംഗത്ത് വന്നുവെന്നാണ് പറയപ്പെടുന്നത്.

1987ല്‍ വെള്ളിമാടുകുന്നില്‍ നിന്നും കെ.സി അബ്ദുള്ള മൗലവിയുടെയും പ്രൊഫസര്‍ കെ.പി സിദ്ദീഖ് ഹസ്സന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പത്രത്തിന്റെ ലോഗോയും മാസ്റ്റര്‍ഹെഡും  മാധ്യമം പത്രത്തെ മറ്റ് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നുവെന്നാണ് മാധ്യമം വായനക്കാരുടെ വാദം.

25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മാധ്യമത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ മായ്ച്ചുകളയാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് മാറ്റത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

Advertisement