കോഴിക്കോട്: കോഴിക്കോട് ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. യൂത്ത് കോണ്‍ഗ്രസ്സ്് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ദീഖും കെ.എസ്.യു മുന്‍ താലൂക്ക് പ്രസിഡന്റ് മോഹന്‍ലാലുമാണ് തമ്മില്‍ തല്ലിയത്. തുടര്‍ന്ന് സംഘര്‍ഷം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂപ്പ് വഴക്കാണ് സംഘര്‍ഷത്തിന് കാരണം.

സിദ്ദീഖ് എന്‍.ഡി.എഫുകാരനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെ സിദ്ദീഖിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തല്ലുകയായിരുന്നു. മോഹന്‍ലാന്‍ സിദ്ദീഖിനെയും മര്‍ദ്ദിച്ചു. മോഹന്‍ലാലിനെ പരുക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷം നടക്കവെ സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവിന് നേരെയും കയ്യാങ്കളിക്ക് ശ്രമമുണ്ടായി.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നും സംഭവത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ആദ്യം ഡി.സി.സിയില്‍ നിന്ന് പ്രതികരണമുണ്ടായത്. സംഭവം ഗൗരവത്തിലെടുക്കേണ്ടതില്ലെന്നാണ് ഡി.സി.സിയുടെ വിശദീകരണം.