തൃശ്ശൂര്‍: അമിതഭാരവും കുടവയറുമാണ് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്ന്. ഇരുന്നുള്ള ജോലിയും വ്യായാമക്കുറവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. സര്‍ക്കാര്‍ ജോലിക്കാരിലേറെയും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവരായിരിക്കും. എന്നാല്‍ ഇവരെ ‘സ്ലിം’ ആക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് സംസ്ഥാന പോഷകാഹാര ഗവേഷണ കേന്ദ്രം.

Ads By Google

സര്‍ക്കാര്‍ ഓഫീസര്‍മാര്‍ വ്യായാമം ശീലിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് പോഷകാഹാര ഗവേഷണ കേന്ദ്രം പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതിയോളം പേര്‍ക്ക് കുടവയറും അമിതഭാരവും ഉണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് വ്യായാമവും ഭക്ഷണക്രമീകരണവും നിര്‍ദേശിച്ചുകൊണ്ട് പോഷകാഹാര ഗവേഷണ കേന്ദ്രത്തിന്റെ പഠനറിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചു.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ വ്യത്യസ്ത തസ്തികകളില്‍ ജോലി ചെയ്യുന്ന 2387 പേരില്‍ ഗവേഷണകേന്ദ്രം നടത്തിയ സാമ്പിള്‍ സര്‍വേയാണ് ഇക്കാര്യം വെളിപ്പെട്ടത്. പഠനവിധേയരായവരില്‍ 998പേര്‍ കുടവയറുള്ളവരാണെന്നും പോഷകാഹാര ഗവേഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.

കുടവയറിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 909 സ്ത്രീകളില്‍ 405 പേര്‍ക്കും (53.5 ശതമാനം) 1478 പുരുഷന്‍മാരില്‍ 593പേര്‍ക്കും (47.5ശതമാനം) കുടവയര്‍ ഉണ്ട്. അമിതഭാരത്തിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. 44.5 ശതമാനം സ്ത്രീകള്‍ക്ക് ഈ പ്രശ്‌നമുള്ളപ്പോള്‍ 40.12 ശതമാനം പുരുഷന്‍മാര്‍ അമിതഭാരമുളളവരാണ്.

എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ പുരുഷന്മാരാണ് മുന്നില്‍. 725 പുരുഷന്‍മാരില്‍(49ശതമാനം) എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ പരിധിയിലധികം കണ്ടെത്തി. 385 സ്ത്രീകളില്‍ (42.35 ശതമാനം) ഇതുണ്ട്. ട്രൈ ഗ്ലിസറൈഡിന്റെ അമിത സാന്നിധ്യമുളള 391 പുരുഷന്‍മാര്‍ ഉള്ളപ്പോള്‍ 72 സ്ത്രീകള്‍ക്കേ ഈ പ്രശ്‌നമുളളൂ.

ടോട്ടല്‍ കൊളസ്‌ട്രോളിന്റെയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെയും കാര്യത്തിലും മുമ്പില്‍ പുരുഷന്‍മാര്‍ തന്നെ. 42.8ശതമാനം പുരുഷന്‍മാര്‍ക്ക് അമിത കൊളസ്‌ട്രോളും 12.31 ശതമാനത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ട്. സ്ത്രീകളിലാകട്ടെ ഇത് 33.88 ശതമാനം, 7.15 ശതമാനം എന്ന ക്രമത്തിലാണ്. 137 പുരുഷന്മാരിലും 53 സ്ത്രീകളിലും പ്രമേഹമുള്ളതായും കണ്ടെത്തി.

കോഴിക്കോട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലായിരുന്നു സര്‍വേ. 2011 സെപ്റ്റംബര്‍ മുതല്‍ 2012 ഫിബ്രവരി വരെയായിരുന്നു സര്‍വേ.