വേങ്ങര: മലപ്പുറം വേങ്ങരയില്‍ കരിങ്കല്‍ ക്വാറിയില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ബംഗാള്‍ സ്വദേശിയുമാണ്.

തിരുവമ്പാടി സ്വദേശിളായ പാപ്പച്ചന്‍ (60), ശ്രീനിവാസന്‍ (40), അഷറഫ് (40), ബംഗാള്‍ സ്വദേശി ബക്‌സര്‍ (29) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരഞ്ചാട്ടി സ്വദേശി സുരേഷും(40), മറ്റ് നാല് ബംഗാളികളുമാണ് രക്ഷപ്പെട്ടത്. കണ്ണേത്ത് ബാവയുടെ ഉടമസ്ഥതയിലുള്ളതാണ് ക്രഷര്‍.

വേങ്ങര കണ്ണമംഗലം കിളിനക്കോട് ഊരകം മലയുടെ മുകളില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിജനമായ സ്ഥാനത്താണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ അപകടവിവരം വളരെ വൈകിയാണ് പുറംലോകം അറിഞ്ഞത്. മണ്ണിനും കോണ്‍ക്രീറ്റ് പാളിയ്ക്കുമടിയിലായ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രാത്രിവൈകിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുശേഷം ഞായറാഴ്ച കാലത്താണ് ജഡങ്ങള്‍ പുറത്തെടുക്കാനായത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കനത്ത മഴയിലാണ് അപകടം. ക്രഷറിന് വേണ്ടി നിര്‍മ്മിക്കുന്ന 20 ഇഞ്ച് കനവും 40 മീറ്റര്‍ നീളവും 20 മീറ്റര്‍ ഉയരവുമുള്ള ഭിത്തിയാണ് അടര്‍ന്ന് വീണത്. നിര്‍മ്മാണത്തിനിടെയാണ് അപകടം. ഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടകാരണമെന്ന് കരുതുന്നു.