steephan-harperഒട്ടാവ: കാനഡയിലെ പൊതുതിരഞ്ഞെടുപ്പില്‍  പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെറിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കു ഭൂരിപക്ഷം ലഭിച്ചതായി റിപ്പോര്‍ട്ട്. അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാര്‍പെറിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വരുമെന്ന് ഏകദേശം ഉറപ്പായി. എന്‍.ഡി.പിയ്ക്കാണ് പ്രതിപക്ഷം സ്ഥാനം ലഭിച്ചത്.

ആകെ 308 മണ്ഡലങ്ങളില്‍ 166 സീറ്റുകള്‍ ഹാര്‍പ്പറിന്റെ പാര്‍ട്ടി നേടിയപ്പോള്‍ 102 സീറ്റുകള്‍ എന്‍.ഡി.പി നേടി. ലിബറല്‍ പാര്‍ട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. കേവലഭൂരിപക്ഷത്തിന് 155 സീറ്റുകളാണ് വേണ്ടത്.

ആഴ്ചകള്‍ക്കു മുമ്പ് പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹാര്‍പെറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് പൊതുതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 156-145 എന്ന നിലയിലായിരുന്നു ഹാര്‍പെര്‍ സര്‍ക്കാരിന്റെ വീഴ്ച.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഏഴു വര്‍ഷത്തിനിടെ കാനഡയില്‍ നടക്കുന്ന നാലാമത്തെ പൊതുതെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടന്നത്.