എഡിറ്റര്‍
എഡിറ്റര്‍
യെച്ചൂരി ഇടപെട്ട് ബാലഗോപാലിനെ ക്കൊണ്ട് പ്രമേയം പിന്‍വലിപ്പിച്ചു; കേന്ദ്ര സര്‍ക്കാറിനെ സി.പി.ഐ.എം രക്ഷിച്ചു
എഡിറ്റര്‍
Tuesday 22nd May 2012 12:37am

ന്യൂദല്‍ഹി: സി.പി.ഐ.എം സ്വന്തം പ്രമേയം പിന്‍വലിച്ച് യു.ഡി.എഫ് സര്‍ക്കാറിനെ രക്ഷിച്ചു. കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പി കെ.എന്‍ ബാലഗോപാല്‍ സര്‍ക്കാര്‍ ചട്ടത്തിനെതിരെ കൊണ്ടുവന്ന പ്രമേയമാണ് യു.ഡി.എഫ് സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വലിച്ചത്.  പ്രമേയം പാസാകുമെന്ന ഘട്ടത്തില്‍ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.

വിമാനത്താവളങ്ങളിലെ യൂസര്‍ഫീ പിരിവിന് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നതാണെന്ന് ആരോപിച്ചാണ് എം.പി ബാലഗോപാല്‍ പ്രമേയം കൊണ്ടുവന്നത്. മണിക്കൂറുകളുടെ ചര്‍ച്ച കഴിഞ്ഞ് വോട്ടിനിടുന്ന ഘട്ടത്തിലാണ് പ്രമേയം പിന്‍വലിച്ചത്.

കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ സി.പി.ഐ.എം പ്രമേയം പാസാകാതിരിക്കാന്‍ ആദ്യം ബി.എസ്.പി അംഗങ്ങള്‍ ഒന്നടങ്കം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ ചില ഭരണപക്ഷ എം.പിമാരുടെ അഭാവം മൂലം ബി.എസ്.പിയുടെ സഹായത്തിന് ശേഷവും സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് കണ്ടതോടെ പരിഭ്രാന്തനായ കേന്ദ്രവ്യോമയാന മന്ത്രി അജിത് സിങ്ങ് യെച്ചൂരിയെ കണ്ട് കാര്യം പറയുകയായിരുന്നു. ഈ സമയം സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നൊരുമാറ്റം പ്രതീക്ഷിക്കാതെ ബാലഗോപാലിന്റെ പ്രമേയം വോട്ടിനിടാന്‍ ബി.ജെ.പി അംഗങ്ങള്‍ വാശിപിടിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാറും സി.പി.ഐ.എമ്മും ധാരണയിലെത്തുന്നതാണ് സഭ പിന്നീട് കണ്ടത്. അജിത് സിങ്ങിന്റെ വാഗ്ദാനം സ്വീകരിച്ച യെച്ചൂരി പ്രമേയം പിന്‍വലിക്കാന്‍ ബാലഗോപാലിനോട് നിര്‍ദേശിക്കുകയും അദ്ദേഹം അനുസരിക്കുകയും ചെയ്തു.

സി.പി.ഐ.എം സര്‍ക്കാറിനെ രക്ഷിച്ചത് തങ്ങളെ അമ്പരപ്പിച്ചുവെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വിവാദചട്ടത്തില്‍ ഭേദഗതി നിര്‍ദേശിച്ച് ബാലഗോപാല്‍ എട്ടുമാസം മുമ്പ് നോട്ടീസ് നല്‍കിയ പ്രമേയം അഞ്ച് പ്രാവശ്യം രാജ്യസഭയുടെ അജണ്ടയില്‍ കയറിയിട്ടും ചര്‍ച്ചക്കെടുക്കാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിഗണിച്ചത്. തന്റെ പ്രമേയം വിചിത്രമായ പല കാരണങ്ങളാലും നീണ്ടുപോയെന്ന് ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച ഒട്ടുമിക്ക അംഗങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ വിമാനത്താവളങ്ങളില്‍ കൊള്ള അനുവദിക്കരുതെന്ന ബാലഗോപാലിന്റെ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തു.

Advertisement