എഡിറ്റര്‍
എഡിറ്റര്‍
‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി
എഡിറ്റര്‍
Wednesday 23rd August 2017 8:56pm

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍.

ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പളളിയിലെ രക്തത്തില്‍ കമ്മ്യൂണിസം അലിഞ്ഞു ചേര്‍ന്നൊരു കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്ന ശാന്ത ആശുപത്രിക്കിടക്കയില്‍ വെച്ചാണ് പിണറായിയെ വെറുതെ വിട്ട വാര്‍ത്ത കേട്ടത്. ടി.വിയില്‍ വാര്‍ത്ത കണ്ടതും ശാന്ത കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ”സഖാവിനെ വെറുതെ വിട്ടു… ഇങ്ക്വിലാബ് സിന്ദാബാദ്.. ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോ.. തോ..” ശാന്തയ്ക്ക് വാക്കുകള്‍ അവശത കാരണം മുഴുവിക്കാന്‍ സാധിച്ചില്ല.

മുദ്രാവാക്യം വിളിക്കുന്ന ശാന്തയുടെ ചിത്രം പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടത് മകന്‍ അജിത് കുമാരാണ്. പനിയും പ്രമേഹവും തളര്‍ത്തിയത് കാരണം ഒരാഴ്ച്ച മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരിയായി വിരമിച്ച ശാന്തയെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്തിനാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍”സഖാവിനെ വെറുതെ വിട്ടു, ഇങ്ക്വിലാബ് സിന്ദാബാദ്” എന്നായിരുന്നു ശാന്ത അജിതിന് മറുപടി നല്‍കിയത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് വിധിയില്‍ വ്യക്തമാക്കുകയായിരുന്നു.

ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

Advertisement