എഡിറ്റര്‍
എഡിറ്റര്‍
മങ്ങിയ പ്രതീക്ഷകളുമായി 2ജി ലേലം അവസാനിച്ചു
എഡിറ്റര്‍
Thursday 15th November 2012 2:23pm

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ലേലം അവസാനിച്ചു. ലേലം അവസാനിക്കുമ്പോള്‍ 40000 കോടി രൂപ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 2 ജി ടെലികോം സ്‌പെക്ട്രം ലേലത്തില്‍ നിന്ന് ആകെ കിട്ടിയത് 9407.64 കോടി രൂപ. ജി.എസ്.എം മൊബൈല്‍ സേവനം നല്‍കാനാവശ്യമായ റേഡിയോ തരംഗങ്ങള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലേലം ചെയ്യാതെ വിറ്റഴിച്ചതുവഴി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ ലേലം നടത്താന്‍ വഴിയൊരുക്കിയത്.

Ads By Google

അന്ന് അഞ്ച് മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് 1658 കോടി രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയായി 14000 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സ്‌പെക്ട്രം സ്വന്തമാക്കാന്‍ കമ്പനികള്‍ മടിച്ചതാണ് ലേലം തണുപ്പനാകാന്‍ മുഖ്യകാരണം. അതേസമയം, സി.എ.ജിയുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നില്ലെന്നതിന് തെളിവാണ് ലേലത്തിന്റെ ഫലമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

ലേല രീതി പരാജയപ്പെടുത്താന്‍ കമ്പനികളും സര്‍ക്കാരും ഒത്തുകളിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കോടതി പറഞ്ഞ പ്രകാരമാണ് ലേലം നടത്തിയത്. പക്ഷേ 18000 കോടി രൂപ അടിസ്ഥാന വിലയാക്കാന്‍ കോടതി പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ ലേലം ഇതിനെക്കാള്‍ മോശമാകുമായിരുന്നെന്നും സിബല്‍ പറഞ്ഞു. എ. രാജ ടെലികോം മന്ത്രിയായിരിക്കെ ലേലമില്ലാതെ നടത്തിയ വില്‍പ്പനയില്‍ 9500 കോടി രൂപ ലഭിച്ചിരുന്നു. 2010 ല്‍ 3 ജി സ്‌പെക്ട്രം ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 66000 കോടി രൂപ. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലായി അഞ്ച് മെഗാഹെര്‍ട്‌സ് വീതമുള്ള 144 സ്‌പെക്ട്രം ബ്ലോക്കുകളാണ് ലേലത്തിനു വച്ചിരുന്നത്.  ഇതില്‍ 101 ബ്ലോക്കുകള്‍ക്ക് അപേക്ഷകരുണ്ടായിരുന്നു. 122 ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ സ്വതന്ത്രമായ മുഴുവന്‍ സ്‌പെക്ട്രവും ലേലത്തിന് വയ്ക്കാത്തതും ആവേശം കുറയാന്‍ കാരണമായെന്ന് വ്യവസായസംഘടനകള്‍ പറയുന്നു. മുഴുവന്‍ സ്‌പെക്ട്രവും ലേലം ചെയ്യാത്തതെന്തെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

അടുത്തയാഴ്ചയാണ് വിശദീകരണം നല്‍കേണ്ടത്. ദല്‍ഹി, മുംബൈ എന്നീ സുപ്രധാന സര്‍ക്കിളുകളും കര്‍ണാടക, രാജസ്ഥാന്‍ സര്‍ക്കിളുകളും ലേലത്തില്‍ പിടിക്കാന്‍ ആരും അപേക്ഷിച്ചില്ല. അഖിലേന്ത്യാ ലൈസന്‍സിനും അപേക്ഷകരില്ലായിരുന്നു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, ടെലിനോര്‍, വിഡിയോകോണ്‍ എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്.

ലേലത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച 9224.75 കോടി രൂപയാണ് ആകെ ഓഫര്‍ ചെയ്യപ്പെട്ടത്. ബിഹാര്‍ സര്‍ക്കിളില്‍ മാത്രമായിരുന്നു അടിസ്ഥാനവിലയായ 14000 കോടിയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ലേലം കൊള്ളാന്‍ കമ്പനികള്‍ തയ്യാറായത്.

ലേലം അവസാനിക്കുമ്പോള്‍ വിഡിയോകോണ്‍, ഐഡിയ എന്നിവ ഏഴു സര്‍ക്കിളുകളിലും ടെലിനോര്‍ നാലു സര്‍ക്കിളുകളിലും വിജയിച്ചപ്പോള്‍ എയര്‍ടെല്‍ അസം സര്‍ക്കിളിലും വോഡഫോണ്‍ കേരള സര്‍ക്കിളിലും മാത്രം ലൈസന്‍സ് നേടി. കേരള സര്‍ക്കിളിനായി മറ്റാരും ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ കേരളത്തില്‍ സേവനം നല്‍കുന്ന വോഡഫോണിന് ഇതോടെ കേരളത്തില്‍ അധിക സ്‌പെക്ട്രം ലഭിക്കും.

Advertisement