ന്യൂദല്‍ഹി: തെറ്റായ അവകാശവാദങ്ങള്‍ പരസ്യത്തിലൂടെ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുയാണെന്ന് ആരോപിച്ച് കോംപ്ലാന്‍, ബൂസ്റ്റ്,കെല്ലോഗ്‌സ് ഉള്‍പ്പെടെയുള്ള 38 കമ്പനികള്‍ക്ക് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി നോട്ടീസ് അയച്ചു.[]
കോംപ്ലാനിന്റേയും ബൂസ്റ്റിന്റേയും കെല്ലോഗ്‌സിന്റേയും ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷിയും സുരക്ഷിതത്വവും വളര്‍ച്ചയും ലഭിക്കുന്നുവെന്നാണ് ഇവര്‍ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്. ഓരോ ദിവസവും കുട്ടികളില്‍ വളര്‍ച്ച ഉണ്ടാകുമെന്ന് പറയുന്ന പരസ്യം എന്ത് ഗവേഷണത്തിന്റെ
അടിസ്ഥാനത്തിലാണ് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചോദിക്കുന്നത്.
കോംപ്ലാനിന്റെ പരസ്യത്തില്‍ മറ്റേത് പോഷകപാനീയവും ഉപയോഗിക്കുന്ന കുട്ടികളേക്കാള്‍ കോംപ്ലാന്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഇരട്ടി വളരുന്നു എന്നാണ് ഹെയിന്‍സ് കമ്പനി പരസ്യം ചെയ്യുന്നത്.
എന്നാല്‍ ബൂസ്റ്റും ഹോര്‍ലിക്‌സും അവകാശപ്പെടുന്നത് അവരുടെ ഉത്പന്നങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്തും മിടുക്കും നല്‍കുന്നുവെന്നാണ്.
കെല്ലോഗ്‌സ് കഴിക്കുന്നതിലൂടെ പൊണ്ണത്തടി ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവരും അവകാശപ്പെടുന്നു. എന്നാല്‍ ഈ ഗുണങ്ങളെല്ലാം ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ഉണ്ടെന്ന് പറയുന്നത് ഏത് ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അതോറിറ്റിയുടെ ചോദ്യം.
19 കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ അവകാശപ്പെടുന്ന ഗവേഷണങ്ങള്‍ പലതും വേണ്ടത്ര സാങ്കേതികമേന്മ ഇല്ലാത്തവയാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. ശ്വേത ഖണ്ഡേവാള്‍ പറയുന്നു. ഇതുമൂലം ഉപഭോക്താക്കള്‍ പലപ്പോഴും കബളിപ്പിക്കപ്പെടുകയാണെന്നും അവര്‍ ആരോപിക്കുന്നു.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാകണം. കുട്ടികള്‍ക്ക് വാങ്ങിച്ചുകൊടുക്കുന്ന ഇത്തരം ഉത്പ്പന്നങ്ങളുടെ വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടത് അത് വാങ്ങുന്നവര്‍ തന്നെയാണ്. പരസ്യവും ലേബലും കണ്ട് ഉത്പ്പന്നം വാങ്ങി ആരും കബളിപ്പിക്കപ്പെടരുത്.
കോംപ്ലാനും ബൂസ്റ്റും കെല്ലോഗ്‌സും എല്ലാം പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നത് ഒരുപാട് പഠനങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതെന്നാണ്. എന്നാല്‍ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് അവര്‍ കുട്ടികള്‍ക്കായുള്ള ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
കുട്ടികള്‍ക്ക് നല്‍കുന്ന കോംപ്ലാനിലും ബുസ്റ്റിലും കെല്ലോഗ്‌സിലും ഉപയോഗിക്കുന്ന ഇന്‍ഗ്രീഡിയന്‍സ് എന്തൊക്കെയാണെന്നും അതിന്റെ ടാഗ് ലൈനില്‍ പറഞ്ഞിരിക്കുന്നത് എന്തെല്ലാമാണെന്നോ ഇത് വാങ്ങുന്നവര്‍ക്ക് മനസിലാകണമെന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ നിരന്തരം കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അഡൈ്വവര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് ഇത്തരം ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. എന്നാല്‍ എ.എസ്.സി.ഐ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത്തരം പരസ്യങ്ങള്‍ പുറത്ത് വിടാന്‍ അനുവാദം നല്‍കാവൂ. ചില പരസ്യങ്ങളുടെയെങ്കിലും വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേ മതിയാവൂ.- ഡോ. ശ്വേത ഖണ്ഡേവാള്‍ പറഞ്ഞു.
വിപണിയിലെ മത്സരത്തില്‍ മുന്നിലെത്താനായി പരസ്യചിത്രങ്ങളെ വന്‍തോതില്‍ ഉപയോഗിക്കുന്ന ഇത്തരം ഉത്പ്പന്നങ്ങളുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കേണ്ടത് ഉപഭോക്താക്കളാണ്. കൂടുതല്‍ ആകര്‍ഷണീയത തോന്നുന്ന പരസ്യങ്ങള്‍ക്ക് പുറകെ പോകാതെ അതിന്റെ വിശ്വാസ്യത ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഉള്‍ക്ക പ്രസിഡന്റും സി.ഇ.ഒയുമായ എം.ജി പരമേശ്വരന്‍ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്..
ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി
വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
