ന്യൂദല്‍ഹി: അശ്ലീല ഉള്ളടക്കങ്ങളും നഗ്നരംഗങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ വ്യാപകമാകുന്നതായി പരാതി. പ്രവര്‍ത്തനമാരംഭിച്ച് ആദ്യവര്‍ഷം തന്നെ ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് കൗണ്‍സിലിന് ലഭിച്ച പരാതികളില്‍ പകുതിയും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ്.

Ads By Google

വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ രണ്ട് വരെ ലഭിച്ച 717 പരാതികളില്‍ 47 ശതമാനും അശ്ലീല ഉള്ളടക്കങ്ങളും നഗ്നരംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. 16% അക്രമരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നതാണ്.

ടെലിവിഷന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട 7% പരാതികളും മത-സാംസ്‌കാരിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നതാണ്.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റെ സെല്‍ഫ് റഗുലേറ്ററി നിര്‍ദേശങ്ങളെ ടിവി ചാനലുകള്‍ ലംഘിക്കുന്നുണ്ടെന്നാണ് സെക്‌സ്, നഗ്നത, അശ്ലീലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാനായതെന്ന് ബി.സി.സി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈംടൈംമില്‍ സംപ്രേഷണം ചെയ്യരുതെന്ന് ബി.സി.സി.സി നിര്‍ദേശിച്ച പല പരിപാടികളും ചെറുതായി മാറ്റങ്ങള്‍ വരുത്തി അതേസമയത്ത് തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കണ്ടെത്താനായി.

യുവാക്കളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോകളുമായി ബന്ധപ്പെട്ടും ബി.സി.സി.സിക്ക് പരാതി ലഭിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥികള്‍ മോശമായ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും ഷോയ്ക്കിടയില്‍ അസഭ്യമായ രീതിയില്‍ പെരുമാറുന്നുവെന്നുമാണ് പരാതി ലഭിച്ചിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്ന ടി.വി ചാനലുകള്‍ക്ക് ബി.സി.സി.സി ഉചിത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍, അക്രമദൃശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ പകുതിയും യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കെതിരെയാണെന്ന് ബി.സി.സി.സി പറയുന്നു. ഇത്തരം പരിപാടികളില്‍ കാണിക്കുന്ന അമിത അക്രമരംഗങ്ങള്‍ കുട്ടികളിലും യുവാക്കളിലും മോശം പ്രഭാവമുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.