ലിജിന്‍ കടുക്കാരം
ലിജിന്‍ കടുക്കാരം
Corruption
കരിപ്പൂര്‍ വിമാനത്താവളമോ അതോ കൊള്ള സങ്കേതമോ?; എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി യാത്രികര്‍
ലിജിന്‍ കടുക്കാരം
Wednesday 13th September 2017 9:22pm

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യാത്രികര്‍. ഏയര്‍പ്പോര്‍ട്ടിലെത്തുന്ന യാത്രികരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമാകുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എയര്‍പ്പോര്‍ട്ട് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് യാത്രികര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എയര്‍പ്പോര്‍ട്ടിലെത്തുവരുടെ വിലപിടിപ്പുള്ള ബാഗുകള്‍ മാത്രമാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്. ലഗേജുകള്‍ സ്‌കാന്‍ ചെയ്യുന്നവരുമായി ബന്ധപ്പെട്ട സംഘമാണ് ‘മോഷണ’ത്തിനു പിന്നിലെന്നാണ് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ ആരോപിക്കുന്നത്.


Also Read: ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍’; മോദിയെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം


നിരവധിയാത്രികര്‍ക്കാണ് ഇത്തരത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതെന്നറിഞ്ഞ് ഡൂള്‍ ന്യൂസ് യാത്രികരുമായി ബന്ധപ്പെട്ടപ്പോള്‍ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് അവര്‍ പങ്കുവെച്ചത്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ കരിപ്പൂരിലേക്ക് യാത്ര ചെയ്ത താമരശ്ശേരിക്കാരനായ അസീസിന്റെ കയ്യില്‍ നിന്നും രണ്ടു ഐ ഫോണുകളടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് കളവ് പോയത്.

സംഭവത്തെക്കുറിച്ച് അസീസ് സംസാരിക്കുന്നു

‘ഫെബ്രുവരി 3 നാണു ഞാന്‍ ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്നത്. എന്റെ കൈയ്യില്‍ നാലു ബോക്‌സുകളാണുണ്ടായാത്. അതില്‍ ഒരു ബോക്‌സ് കുറച്ച് വലുതായിരുന്നു. അത് എന്റെ കൈയ്യില്‍ നിന്നു മാറിപ്പോയി. എയര്‍പ്പോര്‍ട്ടില്‍ നിന്നു എന്റെ മൂന്നു ചെറിയ ബോക്‌സും എന്റേതുപോലെ തന്നെ പാക്ക് ചെയ്ത മറ്റൊരു ബോക്‌സുമായാണ് ഞാന്‍ പുറത്തിറങ്ങിയത്. വീട്ടില്‍ എത്തിയപ്പോഴാണ് ബോക്‌സ് മാറിയ വിവരം മനസിലാക്കുന്നത്.

പിറ്റേന്ന് രാവിലെതന്നെ ഞാന്‍ എയര്‍പ്പോര്‍ട്ടിലെത്തി എയര്‍ ഇന്ത്യയുടെ ഓഫീസില്‍ വിവരം പറഞ്ഞു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ബോക്‌സ് ഇവിടെയുണ്ടെന്നും മാറിപ്പോയ ബോക്‌സ് നിങ്ങള്‍ യഥാര്‍ത്ഥ ഉടമയെ ഏല്‍പ്പിച്ച് അവരുടെ കൈയ്യിലുള്ള കംപ്ലെയിന്റ് ലൈറ്ററുമായി വന്നാല്‍ നിങ്ങളുടെ ബോക്‌സ് തിരിച്ചു തരാമെന്നും പറഞ്ഞു.

എന്റെ ബോക്‌സില്‍ എന്തൊക്കെയുണ്ടെന്നത് ഉള്‍പ്പെടെയാണ് അവര്‍ ബോക്‌സ് ഇവിടെയുണ്ടെന്ന് പറഞ്ഞത്. രണ്ട് ഐ ഫോണുള്‍പ്പടെ ഇതൊക്കെയല്ലെ നിങ്ങളുടെ പെട്ടിയിലുള്ളതെന്ന് അവര്‍ ചോദിച്ചു. ഞാന്‍ അത് തന്നെയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ബോക്‌സിനുമുകളില്‍ ചുവപ്പ് നിറത്തില്‍ മാര്‍ക്ക് ഇട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.


Dont Miss: പാരമ്പര്യത്തെ കുറിച്ച് വീമ്പു പറയുകയല്ല സ്‌നേഹം കൊണ്ടും അധ്വാനം കൊണ്ടും ആളുകളുടെ ആദരവ് നേടുകയാണ് വേണ്ടതെന്ന് രാഹുലിനോട് റിഷി കപൂര്‍


അത് ശരിയായിരിക്കാം ബോക്‌സില്‍ ജപ്പാന്‍ നിര്‍മ്മിത നാഷണല്‍ പാനാസോണിക്കിന്റെ അയണ്‍ ബോക്‌സ് ഉണ്ട് അതുകൊണ്ടാകാം അടയാളമെന്ന് ഞാനും പറഞ്ഞു. അവിടെ നിന്ന് തന്നെ മാറിപ്പോയ ബോക്‌സുമായി ഞാന്‍ കുറ്റ്യാടി വളയത്തുള്ളയാളുടെ വീട്ടില്‍പ്പോയി. അയാളുടെ കൈയ്യില്‍ നിന്നും ലെറ്റര്‍ വാങ്ങി തിരിച്ച് എയര്‍പ്പോര്‍ട്ടിലെത്തി.

ഉദ്യോഗസ്ഥര്‍ തന്ന പാസുമായി വിമാനത്താവളത്തിന്റെ ഉള്ളില്‍ച്ചെന്ന് ബോക്‌സ് തിരഞ്ഞപ്പോള്‍ അത് അവിടെ കാണാനില്ലായിരുന്നു. അവിടെ മുഴുവന്‍ ഞാന്‍ ബോക്‌സ് നോക്കി അവസാനം ഒരു ഉദ്യോഗസ്ഥന്‍ എന്റെയടുത്ത് വന്നു പറഞ്ഞു. നിങ്ങളുടെ ബോക്‌സ് കിട്ടില്ല, അതിവിടെയില്ല അതൊക്കെ പുറത്ത് പോയി, നിങ്ങള്‍ പോയിക്കോളൂ ഇവിടെ നില്‍ക്കണ്ട എന്ന്.

അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്ന് യാതൊരു ഐഡിയയും ഇല്ലാതെയായിപ്പോയി. ഉടനെ ഞാന്‍ സുഹൃത്തുക്കളായ അഡ്വക്കേറ്റുമാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരെയും ലൈനില്‍ കിട്ടിയില്ല. അവിടെ നിന്നു ആ അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് എനിക്ക് മനസിലായിരുന്നില്ല. കുറച്ച് സമയം അവിടെയിരുന്ന ശേഷമാണ് പുറത്തിറങ്ങിയത്.

പിറ്റേന്ന് ഞാന്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെനിന്നു രണ്ട് പൊലീസുകാരെ വിട്ട് തന്നു. ഞങ്ങള്‍ വിമാനത്താവളത്തിലെത്തി സി.സി ടിവി പരിശോധിച്ചു. സി.സി ക്യാമറയുടെ പരിശോധനയില്‍ എന്റെ ബോക്‌സ് വരുന്നതും അവര്‍ എടുത്ത് വയ്ക്കുന്നതും വ്യക്തമായിരുന്നു.

പൊലീസും ഇതെല്ലാം വ്യക്തമായി കണ്ടതാണ്, ഇതിനുശേഷം ഞാന്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പരാതി നല്‍കി, എയര്‍പ്പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി, അസിസ്റ്റന്‍ഡ് കസ്റ്റംസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. ഞാന്‍ കേസ് നിരന്തരം ഫോളോ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നും കസ്റ്റംസില്‍ പറയാന്‍ പറയും, കസ്റ്റംസിലെത്തുമ്പോള്‍ ഏയര്‍ ഇന്ത്യയില്‍ പറയാന്‍ പറയും. അതിങ്ങനെ മാറി മാറി പറഞ്ഞോണ്ടിരിക്കുകയായിരുന്നു.

ഇങ്ങനെ രണ്ടു മാസം ഞാന്‍ കേസ് ഫോളോ ചെയ്തു. നിലവിലെനിക്ക് ഇതിനായി ഒരു ലക്ഷം രൂപ പോയി. അവരെന്നോട് നിനക്ക് ബാഗ് കിട്ടില്ലെന്ന് തുറന്ന് പറയുക തന്നെ ചെയ്തു, ഇവിടെ നിന്നിട്ട് കാര്യമില്ല, നിനക്ക് വല്ല പ്രശ്‌നവും ഉണ്ടെങ്കില്‍ നീ ലീഗലായിട്ട് നീങ്ങിക്കോ എന്നാണ് അവര്‍ പറഞ്ഞത്.

ഒന്നരലക്ഷം രൂപ വിലയുള്ള സാധനങ്ങള്‍ നഷ്ടമായ എന്നോട് ഒരിക്കലും നല്ല രീതിയില്‍ അവര്‍ പെരുമാറിയിരുന്നില്ല. പരാതിയുമായി എയര്‍പ്പോര്‍ട്ടിലെത്തിയ സമയത്ത് ഇത്തരത്തില്‍ വസ്തുക്കള്‍ നഷ്ടമായ പലരെയും കണ്ടിരുന്നു. പയ്യന്നൂരില്‍ നിന്ന് കൈക്കുഞ്ഞുമായി രണ്ടു സ്ത്രീകള്‍ വന്നിട്ടുണ്ടായിരുന്നു.

അവര്‍ എന്നോട് പറഞ്ഞത് വെറുതേ നടന്ന് പൈസ കളയാമെന്നേയുള്ളു എന്നായിരുന്നു. അതുപോലെ മഞ്ചേരിയിലുള്ള ഒരാള്‍ സാധനം നഷ്ടമായി നടക്കുന്നുണ്ടായിരുന്നു. പലരേയും ഇങ്ങനെ ഈ സമയങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പണം കളയാന്‍ കഴിയില്ലെന്ന് കരുതി ഞാന്‍ പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എന്റെ ബാഗിലെന്തൊക്കെയുണ്ടെന്ന് വ്യക്തമായി പറഞ്ഞവരാണ് അത് നിനക്ക് ഇനി കിട്ടില്ലെന്ന് പറയുന്നത്. തീര്‍ച്ചയായും അത് അവര്‍ പങ്കിട്ടിട്ടുണ്ടാകും, ഭീഷണിയായിരുന്നു അവരുടേത്. നീ ലീഗലായിട്ട് നീങ്ങിക്കോ എന്നായിരുന്നു അവര്‍ പറയുന്നത്. ഇവിടെ നിന്ന് ഒരാള്‍ തന്നുവിട്ട പൈസക്കാണ് ഞാന്‍ ഫോണ്‍ വാങ്ങിയത്. അത് തിരിച്ച് കൊടുക്കേണ്ടി വന്നു. എന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് അവര്‍ ഇല്ലാതാക്കിയത്.’


You Must Read This: ‘പൂജ്യത്തിന്റെ വില കണ്ടോ’; വിവാഹമോചനത്തിനായി പേസില്‍ നിന്ന് 1 കോടി ആവശ്യപ്പെട്ട റിയക്ക് പറ്റിയ അബദ്ധം


ചലച്ചിത്ര പ്രവര്‍ത്തകനായ നികേഷ് പുത്തലത്തിനെ ബന്ധപ്പെട്ടപ്പോഴും സമാനമായ അനുഭവമായിരുന്നു നികേഷിനും പങ്കുവെക്കാനുണ്ടായത്. ഈ മാസം 9 നായിരുന്നു നികേഷ് എയര്‍ ഇന്ത്യയുടെ Al 998 വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂരില്‍ എത്തിയത്.

കണ്ണൂര്‍ സ്വദേശിയായ നികേഷ് സംസാരിക്കുന്നു:

‘കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഞാന്‍ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയത്. വീട്ടിലെത്തി ബ്രീഫ് കെയ്‌സ് തുറന്നപ്പോഴാണ് 50,000 രൂപ വിലയുള്ള എമ്പോറിയോ അര്‍മാനി വാച്ച് നഷ്ട്ടമായ വിവരം ഞാനറിയുന്നത്. ചുവന്ന നിറത്തിലുള്ള ബ്രീഫ് കെയ്‌സിന്റെ സ്വിബ് ചെയിന്‍ തുറന്ന് വാച്ചിന്റെ ബോക്‌സ് തുറന്നാണ് കളവ് നടന്നിരിക്കുന്നത്.

അതിനുശേഷം ഞങ്ങള്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം വിമാനത്താവളത്തില്‍ എത്തി സി.സി ക്യാമറകള്‍ പരിശോധിച്ചിരുന്നു. പക്ഷേ സി.സി ടിവിയില്‍ നിന്ന് ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ലഗേജ് സ്‌കാന്‍ ചെയ്യുന്നിടത്ത് ക്യാമറകളുണ്ടായിരുന്നില്ല.

അവിടെനിന്നാണ് ഇത് നഷ്ടമായിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. സംശയമാണ് ആരാണ് ഇത് എടുത്തതെന്ന് നമുക്ക് പറയാനാകില്ലലോ.’ നികേഷ് പറയുന്നു.

ലിജിന്‍ കടുക്കാരം
Advertisement